യുഎസിലെ അരിസോണയില്‍ വച്ച് കോണ്‍ഗ്രസ് അംഗമായ ഡമോക്രാറ്റിക് നേതാവ് ഗബ്രിയേലി ഗിഫോട്സിന് നേര്‍ക്ക് നടന്ന വെടിവയ്പില്‍ ഒരു ഫെഡറല്‍ ജഡ്ജിയടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു. അരിസോണയില്‍ നിന്നുള്ള പ്രതിനിധിയായ ഗബ്രിയേലയുടെ തലയിലാണ് വെടിയേറ്റത്. ഇവര്‍ ഗുരുതരാവസ്ഥയിലാണ്.
ട്യൂസ്കോണില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഗബ്രിയേലി. ഇവര്‍ക്ക് നേരെ ഒരു യുവാവ് തുരുതുരെ നിറയൊഴിക്കുകയായിരുന്നു. ഗബ്രിയേലിക്കൊപ്പം ഉണ്ടായിരുന്ന അരിസോണ ജില്ലാ കോടതി ജഡ്ജി ജോണ്‍ റോള്‍ അടക്കം അഞ്ച് പേര്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ആറാമതൊരാള്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
ജെയേര്‍ഡ് ലീ ലോഫ്നര്‍ (22) എന്ന യുവാവാണ് കൂട്ടക്കൊല നടത്തിയത്. ആക്രമണത്തിനു പിന്നിലെ ഉദ്ദേശമെന്തെന്ന് വ്യക്തമല്ല. ഇയാള്‍ക്ക് ക്രിമനല്‍ പശ്ചാത്തലമുള്ളതായാണ് വിവരം. പ്രസിഡന്റ് ബരാക്ക് ഒബാമ, സ്പീക്കര്‍ ജോണ്‍ ബെയ്നര്‍ എന്നിവര്‍ സംഭവത്തെ ശക്തിയായി അപലപിച്ചു.