മോസ്കോ|
WEBDUNIA|
Last Modified ബുധന്‍, 14 ജനുവരി 2009 (12:32 IST)
യൂറോപ്യന്‍ രാജ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വാതക ക്ഷാമത്തിന് ഉത്തരവാദി അമേരിക്കയാണെന്ന് റഷ്യ കുറ്റപ്പെടുത്തുന്നു. യൂറോപ്പിലേക്കുള്ള വാതക വിതരണം തുടങ്ങിക്കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും വിതരണം നിര്‍ത്തിവച്ചതിന് പിന്നില്‍ ചരടുവലിച്ചത് പിന്നില്‍ അമേരിക്കയാണെന്നാണ് റഷ്യയുടെ ആരോപണം.
യൂറോപ്പിലേക്കുള്ള വാതകത്തിന്റെ മുഖ്യപങ്കും റഷ്യയുടേതാണ്. റഷ്യന്‍ സര്‍ക്കാരിന്റെ വാതക കമ്പനിയായ ഗാസ്‌പ്രോം ചൊവ്വാഴ്ച രാവിലെ മുതല്‍ യൂറോപ്പിലേക്കുള്ള വിതരണം ആരംഭിച്ചിരുന്നു. എന്നാല്‍ റഷ്യയ്ക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഇടയിലുള്ള ഉക്രെയിനാവട്ടെ, വീണ്ടും വാതകം കടത്തിവിടാന്‍ വിസമ്മതിച്ചു.
വാതക ഷിപ്പ്‌മെന്റുകള്‍ തടഞ്ഞുകൊണ്ടും റഷ്യന്‍ നിരീക്ഷകരെ വാതക സ്റ്റേഷനുകളിലേക്ക് കടത്തിവിടാതെയും ഉക്രെയിന്‍ മനപൂര്‍വ്വം വിതരണം തടസ്സപ്പെടുത്തുകയായിരുന്നുവെന്ന് ഗാസ്‌പ്രോം കുറ്റപ്പെടുത്തി. എന്നാല്‍ തങ്ങളെ പ്രകോപിപ്പിക്കാനായി തെറ്റായ വഴിയിലൂടെയാണ് ഷിപ്പ്‌മെന്റുകള്‍ റഷ്യ അയച്ചതെന്ന് ഉക്രെയിന്‍ ഭരണകൂടം ആരോപിച്ചു.
റഷ്യന്‍ വാതക വിതരണം പുനരാരംഭിച്ചുവെന്ന് എല്ലാവരും വിശ്വസിച്ചു. എന്നാല്‍ ഉക്രെയിന്‍ യൂറോപ്പിലേക്കുള്ള വിതരണം തടഞ്ഞു. കീവില്‍ (ഉക്രെയിന്‍ തലസ്ഥാനം) നിന്നുയരുന്ന പാട്ടിനനുസരിച്ചല്ല ഉക്രെയിന്‍ നൃത്തമാടുന്നത്. പാട്ട് വരുന്നത് മറ്റൊരു രാജ്യത്തുനിന്നാണ് - ഗാസ്‌പ്രോം ഡെപ്യൂട്ടി ചെയര്‍മാന്‍, അലെക്സാണ്ടര്‍ മെഡ്വെഡേവ് പറഞ്ഞു.
എന്നാല്‍ റഷ്യന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ ആരോപണം നിഷേധിച്ചു. അമേരിക്കയുമായുള്ള ഉക്രെയിനിന്റെ സഹകരണ കരാറിനെ പറ്റിയാണ് താന്‍ പരാമര്‍ശിച്ചതെന്ന് അലെക്സാണ്ടര്‍ മെഡ്വെഡേവ് പിന്നീട് വെളിപ്പെടുത്തി. വാതക വിതരണം ഉള്‍പ്പെടെ, പ്രതിരോധം, ഊര്‍ജ്ജം, വാണിജ്യം എന്നീ മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്ന ഒരു കരാറില്‍ ഉക്രെയിനും അമേരിക്കയും കഴിഞ്ഞ മാസം ഒപ്പുവച്ചിട്ടുണ്ട്.
വിതരണം നിന്നതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ കടുത്ത ഊര്‍ജ്ജ പ്രതിസന്ധി നേരിടുകയാണ്. തണുപ്പുകാലമായതിനാല്‍ വീടിനകം ചൂടാക്കാന്‍ ഓഫീസുകളിലും വീടുകളിലും പാചക വാതകമാണ് ഉപയോഗിക്കുന്നത്. വാതക ക്ഷാമം കാരണം പല കമ്പനികളും അടച്ചുപൂട്ടിയിരിക്കുകയാണ്.