വനിതാ ജീവനക്കാര്‍ മിനി സ്കര്‍ട്ട് ഉപയോഗിക്കരുത്!

ലണ്ടന്‍‍| WEBDUNIA|
PRO
ബ്രിട്ടണിലെ ഓഫീസുകളില്‍ സ്ത്രീ ജീവനക്കാര്‍ മിനി സ്കര്‍ട്ട് ധരിക്കുന്നത് നിരോധിച്ചു. കുട്ടികളും കുടുംബങ്ങളും ധാരാളമായി എത്താറുള്ള ഓഫീസുകളില്‍ ഇനി മുതല്‍ വനിതാ ജീവനക്കാര്‍ മിനി സ്കര്‍ട്ട് ധരിക്കരുതെന്നാണ് നിര്‍ദ്ദേശം. ഈ മുന്നറിയിപ്പ് അവഗണിക്കുന്ന ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഓഫീസുകളില്‍ കുടുംബവുമായി എത്തുന്നവരെ വനിതാ ജീവനക്കാരുടെ സഭ്യമല്ലാത്ത വേഷവിധാനം അസ്വസ്ഥപ്പെടുത്തുന്നതായി മനസിലാക്കിയാണ് ഇപ്പോള്‍ ഈ നിരോധനം നടപ്പാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സതാം‌പ്ടണ്‍ സിറ്റി കൌണ്‍സിലിലെ കുട്ടികളുടെ വിഭാഗത്തില്‍ ഇതു സംബന്ധിച്ച ഒരു മെമ്മോ ലഭിച്ചു. ‘ജീവനക്കാര്‍ മാന്യമായി വസ്ത്രം ധരിക്കണം’ എന്നാണ് മെമ്മോയിലെ നിര്‍ദ്ദേശം.

മിനി സ്കര്‍ട്ട് ധരിച്ചു വരുന്ന വനിതാ ജീവനക്കാരെ അവരുടെ വീടുകളിലേക്ക് തിരിച്ചയയ്ക്കുമെന്ന് കൌണ്‍സില്‍ അധികൃതര്‍ അറിയിച്ചു. പുരുഷന്‍‌മാര്‍ക്കും കൌണ്‍സില്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. പുരുഷന്‍‌മാരായ ജീവനക്കാര്‍ കളര്‍ പോളോ ഷര്‍ട്ടുകളും, കോട്ടണ്‍ പാന്‍റ്സും മാത്രമെ ധരിക്കാന്‍ പാടുള്ളു. ബെല്‍റ്റും, ഷൂസും നിര്‍ബന്ധമായി ധരിച്ചിക്കണം.

സ്ത്രീകള്‍ക്ക് ‘ഇന്‍‌ഫോര്‍മല്‍’ പാന്‍റും, നീളമുള്ള സ്കര്‍ട്ടുകളും ധരിക്കാവുന്നതാണ്. ‘മാന്യമായി വസ്ത്രം ധരിക്കുക, കുട്ടികളെയും കുടുംബങ്ങളെയും ബഹുമാനിക്കുക’ എന്നാണ് ജീവനക്കാര്‍ക്ക് ലഭിച്ചിരിക്കുന്ന ഇ മെയില്‍. എന്നാല്‍ ഇതിനെതിരെ ചില വനിതാ ജീവനക്കാര്‍ പ്രതിഷേധമുയര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ ധരിക്കുന്ന വസ്ത്രത്തിന്‍റെ നീളം ബോസ് ടേപ്പ് ഉപയോഗിച്ച് അളക്കുമോ എന്നാണ് ഒരു ജീവനക്കാരി ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തോട് ചോദിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :