രാമായണത്തില്‍ രാവണനും അദേഹം ഭരിച്ചിരുന്ന ലങ്കയ്ക്കുമുള്ള പ്രാധാന്യം പ്രസിദ്ധമാണ്. ഇന്ത്യന്‍ ഇതിഹാസത്തില്‍ തങ്ങളുടെ രാജ്യത്തിനുള്ള പ്രാധാന്യം പ്രയോജനപ്പെടുത്തി വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഒരുങ്ങുകയാണ് ലങ്കന്‍ സര്‍ക്കാര്‍.
ലങ്കയില്‍ രാമായണവുമായി ബന്ധപ്പെട്ട് 50ല്‍ പരം പൌരാണിക പ്രദേശങ്ങളാണുള്ളത്. ഇവയില്‍ ചിലത് വികസിപ്പിച്ച് രാമായണത്തിന്‍റെ പ്രസക്തി ലോകസമക്ഷം അവതരിപ്പിച്ച് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ ഉന്നമിടുന്നത്.
ലങ്കന്‍ വിനോദസഞ്ചാര വകുപ്പ് ഇതിനകം തന്നെ ‘രാമായണ വിനോദസഞ്ചാര പാക്കേജ്’ ന് രൂപം നല്‍കിക്കഴിഞ്ഞു. പ്രത്യേകിച്ചും ഇന്ത്യയില്‍ നിന്നുളള വിനോദസഞ്ചാരികളെ ആണ് ലങ്ക ലക്‍ഷ്യമിടുന്നത്.
സീതയെ രാവണന്‍ തടഞ്ഞ് വച്ച സ്ഥലം മുതല്‍ യുദ്ധം നടന്ന പ്രദേശങ്ങള്‍, ഇതില്‍ തന്നെ രാമ-രാവണ യുദ്ധം നടന്ന പ്രദേശം എന്നിവയൊക്കെ ഉള്‍പ്പെടുത്തിയുള്ള പ്രദേശങ്ങളാണ് രാമായണ പാക്കേജില്‍ ഉള്ളത്. രാവണന്‍ ലങ്ക ഭരിച്ചിരുന്നു എന്ന് ലങ്കയിലെ ജനങ്ങളും വിശ്വസിക്കുന്നു. സീതയെ പുഷ്പക വിമാനത്തില്‍ ഇന്ത്യയില്‍ നിന്ന് അപഹരിച്ച് കൊണ്ട് വരികയായിരുന്നുവെന്നും ജനങ്ങള്‍ വിശ്വസിക്കുന്നുണ്ട്.
വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി വന്‍ പരസ്യ പ്രചരനം കൊടുക്കാനാണ് ലങ്കന്‍ അധികൃതരുടെ ഉദ്ദേശം. അശോകവനിയില്‍ പാര്‍പ്പിക്കും മുന്‍പ് സീതയെ പാര്‍പ്പിച്ചിരുന്ന സീതാ കോടുവ, സീതാ അമ്മന്‍ ക്ഷേത്രം എന്നിവ നവീകരിച്ചിട്ടുണ്ട്.