ലഖ്‌വിയുടെ കസ്റ്റഡി നീട്ടി

ഇസ്ലാമബാദ്| WEBDUNIA| Last Modified വെള്ളി, 20 മാര്‍ച്ച് 2009 (15:26 IST)
മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനില്‍ അറസ്റ്റിലായ ലഷ്കര്‍-ഇ- തൊയ്ബ നേതാവ് സക്കിവുര്‍ റഹ്മാന്‍ ലഖ്‌വിയടക്കം മൂന്ന് തീവ്രവാദികളുടെ ജുഡീഷ്യല്‍ കസ്റ്റഡി 12 ദിവസത്തേക്ക് കൂടി നീട്ടാന്‍ ഇസ്ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതി ഉത്തരവിട്ടു.

ലഖ്‌വിയ്ക്ക് പുറമെ ലഷ്കര്‍ ഭീകരരായ സരാര്‍ ഷാ, അബു അല്‍ കാമ എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡിയാണ് ഈ മാസം 31 വരെ നീട്ടിയത്. കേസില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായതായി ഫെഡറല്‍ അനേഷണ ഏജന്‍സിയുടെ പ്രത്യക അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

കേസില്‍ പ്രതിയാണെന്ന് സംശയിക്കുന്ന മറ്റൊരു ലഷ്കര്‍ ഭീകരനായ ഹമദ് അമിന്‍ സാദിഖ് നേരത്തെ തന്നെ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്. മുംബൈ ആക്രമണം സംബന്ധിച്ച് ഇന്ത്യ പകിസ്ഥാന് തെളിവായി കൈമാറിയ സിഡികള്‍ പ്രതികളെ കാണിക്കുമെന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

തെളിവുകളുടെ അടിസ്ഥാനത്തിലാല്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ എജന്‍സി അറിയിച്ചിരുന്നു. റാവ‌ല്‍‌പിണ്ടിയിലെ അതീവ സുരക്ഷയുള്ള ആദിയാല ജയിലിലാണ് പ്രതികളെ പാര്‍പ്പിച്ചിരിക്കുന്നത്.

മുംബൈ ആക്രമണത്തിനു പിന്നിലെ മുഖ്യ സൂത്രധാരകരെന്ന് കരുതുന്ന മൂവരെയും ഫെബ്രുവരി 12നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :