ലണ്ടന്‍|
rahul balan|
Last Modified ശനി, 5 മാര്‍ച്ച് 2016 (12:59 IST)
ലോക മാധ്യമ ചക്രവര്‍ത്തിയായ റൂപര്‍ട്ട് മര്‍ഡോക്ക് എണ്‍പത്തി നാലാം വയസ്സില്‍ വീണ്ടും വിവാഹിതനായി. അമ്പത്തിയൊമ്പതുകാരിയായ ജെറി ഹാളിനെയാണ് മര്‍ഡോക് വിവാഹം കഴിച്ചത്. ലണ്ടനിലെ സ്പെന്‍സര്‍ ഹൗസിലായിരുന്നു വിവാഹ ചടങ്ങ് നടന്നത്. ചടങ്ങില്‍ ജെറിക്ക് 25 കോടിയോളം രൂപ വിലവരുന്ന വിവാഹമോതിരം മര്‍ഡോക് സമ്മാനിച്ചു. മര്‍ഡോക്കിന്റെ നാലാം വിവാഹമാണിത്.
വിവാഹ വാര്‍ത്ത ലണ്ടനിലെ ദ ടൈംസ് പത്രത്തിലൂടെയാണ് ഇരുവരും പുറത്തുവിട്ടത്. മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ്പറേഷനിന്റെ ഉടമസ്ഥതയിലാണ് ദ ടൈംസ് പത്രം. കഴിഞ്ഞ ദിവസം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര ദാനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഇരുവരും ലോസ് ഏഞ്ചലസില്‍ വച്ച് വിവാഹമോതിരം കൈമാറിയിരുന്നു.
മുന്‍കാമുകനും ഗായകനുമായ മിക് ജാഗെറുമായുള്ള ബന്ധത്തില്‍ ജെറി ഹാളിന് നാലു കുട്ടികളുണ്ട്. ഇരുവരും പിന്നീട് ബന്ധം വേര്‍പെടുത്തുകയായിരുന്നു. 1956ല്‍ പാട്രീഷ്യാ ബുക്കറെ വിവാഹം കഴിച്ച മര്‍ഡോക്കിന് പ്രുഡന്‍സ് എന്ന മകള്‍ ഉണ്ട്. 1967ല്‍ വിവാഹമോചനം നേടിയ മര്‍ഡോക്ക് അതേ വര്‍ഷം അന്ന മരിയാ ട്രോവിനെ വിവാഹം കഴിച്ചു. ഈ വിവാഹ ബന്ധത്തില്‍ എലിസബത്ത് മര്‍ഡോക്ക്, ലാക്ക്ലാന് മര്‍ഡോക്ക്, ജെയിംസ് മര്‍ഡോക്ക് എന്നിങ്ങനെ മൂന്നു മക്കള്‍ ഉണ്ട്. 1999ല്‍ മരിയാ ട്രോവുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ച മര്‍ഡോക്ക്, വിവാഹമോചനം ലഭിച്ച് 17 ദിവസങ്ങള്‍ കഴിഞ്ഞതോടെ 1999 ജൂണ്‍ 25ആം തിയതി ചൈനീസ് വംശജയായ വെന്‍ഡി ഡെങ്ങിനെ വിവാഹം കഴിച്ചു. 30കാരിയായ വെന്‍ഡി ഡെംഗുമായുള്ള ദാമ്പത്യം മര്‍ഡോക്ക് 2012 ല്‍ അവസാനിപ്പിച്ചു.
73,000 കോടി രൂപയിലധികം വരുന്ന സ്വത്തുക്കളുള്ള മര്‍ഡോക്കിന്റെ ഉടമസ്ഥതയിലാണ് വാള്‍സ്ട്രീറ്റ് ജേണല്‍, ദ ന്യൂയോര്‍ക്ക് പോസ്റ്റ്, ദ സണ്‍ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങള്‍.