രാജാ പര്‍വേശ് അഷ്‌റഫ് പാക് പ്രധാനമന്ത്രിയാകും

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
രാജാ പര്‍വേശ് അഷ്‌റഫിനെ പാകിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്തു. രാജ്യത്തെ മുന്‍ ഐ ടി മന്ത്രിയാണ് അദ്ദേഹം. പിപിപിയുടെ മുതിര്‍ന്ന നേതാവാണ് പര്‍വേശ് അഷ്‌റഫ്.

നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് പര്‍വേശ് അഷ്‌റഫിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മഖ്ദൂം ഷഹാബുദ്ദീനെയാണ് ഇന്നലെ തെരഞ്ഞെടുത്തത്. എന്നാല്‍ ഷഹാബുദ്ദീനെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് സ്ഥാനാര്‍ഥിയെ മാറ്റുകയായിരുന്നു.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് തൊട്ടു പിന്നാലെയാണ് ഷഹാബുദ്ദീനെതിരെ മയക്ക് മരുന്നു വിരുദ്ധ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് ഷഹാബുദ്ദീന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെ വഴിവിട്ട് സഹായിച്ചു എന്നാണ് കേസ്. കമ്പനികള്‍ക്ക് നിയന്ത്രിത ഔഷധമായ എഫെഡ്രിന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയതില്‍ ക്രമക്കേട് നടന്നു എന്നാണ് ആരോപണം. മുന്‍ പ്രധാനമന്ത്രി ഗിലാനിയുടെ പുത്രന്‍ അലി മൂസാ ഗിലാനിക്കെതിരെയും ഇതേ കേസില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

യൂസഫ് റാസാ ഗിലാനിയെ സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :