യുദ്ധത്തിന് തയ്യാ‍റെന്ന് വടക്കന്‍ കൊറിയ

സിയോള്‍| WEBDUNIA|
ദക്ഷിണ കൊറിയയുമായി വേണ്ടി വന്നാല്‍ ഒരു യുദ്ധത്തിന് രാഷ്ട്രം പൂര്‍ണ്ണ സജ്ജമാണെന്ന് വടക്കന്‍ കൊറിയ അറിയിച്ചു. ദക്ഷിണകൊറിയന്‍ സന്ദര്‍ശനത്തിനായി യു‌എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്‍റണ്‍ സിയോളിലെത്തുന്നതിന്‍റെ മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ഉത്തര കൊറിയയുടെ ഈ പ്രഖ്യാപനം.

ഇരു രാഷ്ട്രങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷവും ആയുധ പന്തയവും പ്രദേശത്ത് വളരെ നാളുകളായി ഭീഷണി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇരു വിഭാഗവും നടത്തുന്ന പ്രകോപനപരമായ പ്രസ്താവനകളില്‍ ഏറ്റവും പുതിയതാണ് ഇന്നലെ വടക്കന്‍ കൊറിയ നടത്തിയത്. ഇരു രാജ്യങ്ങള്‍ക്കിടയ്ക്കുള്ള വിവാദ അതിര്‍ത്തി പ്രദേശത്ത് ഒരു നാവിക സംഘര്‍ഷം ഉണ്ടായേക്കമെന്ന് നേരത്തെ ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി ലീ സാംഗ് ഹീ പറഞ്ഞിരുന്നു.

അതേസമയം ഉത്തര കൊറിയ തങ്ങളുടെ ദീര്‍ഘദൂര മിസൈല്‍ പരീക്ഷിക്കാനൊരുങ്ങുകയാണ്. അലക്സ വരെ എത്തുന്ന ഈ മിസൈല്‍ അടുത്ത രണ്ട് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ പരീക്ഷിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1,300 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഹ്രസ്വദൂര സ്കുഡ്സ്, റോഡോംഗ്സ് മിസൈലുകളാണ് നിലവില്‍ ഉത്തരകൊറിയയുടെ കൈവശമുള്ളത്. ദക്ഷിണ കൊറിയ പൂര്‍ണ്ണമായും ഈ മിസൈല്‍ പരിധിക്കുള്ളില്‍ വരും.

ഇതിന് പുറമെയാണ് യു‌എസ് വരെ എത്താവുന്ന ദീര്‍ഘദൂര ടായ്പഡോം മിസൈലുകള്‍ രാജ്യം പരീക്ഷിക്കാനൊരുങ്ങുന്നത്. എന്നാല്‍, ഇത്തരമൊരു പരീക്ഷണം യു‌എസും വടക്കന്‍ കൊറിയയും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഉത്തര കൊറിയയില്‍ നിന്നുള്ള ഭീഷണി തടയാന്‍ മൂന്ന് വര്‍ഷത്തിനകം മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിച്ചെടുക്കുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചിട്ടുണ്ട്. വടക്കന്‍ കൊറിയയുടെ ബാലസ്റ്റിക് മിസൈലുകളെ ചെറുക്കുന്ന രീതിയിലുള്ള പ്രതിരോധ സംവിധാനം 2012ഓടെ സ്ഥാപിക്കാനാവുമെന്നാണ് സിയോള്‍ പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെടുന്നത്.

2006ല്‍ തന്നെ രാജ്യം ഈ ദിശയിലുള്ള നീക്കങ്ങളാരംഭിച്ചിട്ടുണ്ട്. മിസൈല്‍ ഇതര വ്യോമാക്രമണങ്ങളെയും ചെറുക്കുന്ന തരത്തിലായിരിക്കും പുതിയ സംവിധാനം സജ്ജീകരിക്കുക. 1000 കിലോമീറ്റര്‍ അകലെ നിന്നുള്ള വസ്തുക്കളെപ്പോലും കാണിക്കുന്ന പുതിയ റഡാറുകള്‍ വാങ്ങാനും സിയോള്‍ പദ്ധതിയിടുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :