യുഎസിന് മിസൈലുകളുടെ നിയന്ത്രണം നഷ്ടപ്പെട്ടു

വാഷിംഗ്ടണ്‍| WEBDUNIA| Last Modified വ്യാഴം, 28 ഒക്‌ടോബര്‍ 2010 (09:57 IST)
യുഎസിന് 50 ഭൂഖണ്ഡാന്തര ആണവ മിസൈലുകള്‍ക്ക് മേലുള്ള നിയന്ത്രണം 45 മിനിറ്റോളം നഷ്ടപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ശനിയാഴ്ചയാണ് വ്യോമിംഗിലെ വാറന്‍ വ്യോമസേന വിഭാഗത്തില്‍ നിന്ന് നിയന്ത്രിക്കുന്ന മിസൈലുകള്‍ ഒരു മണിക്കൂറോളം ഓഫ്-ലൈനായത്.

ആണവായുധങ്ങള്‍ക്ക് മേല്‍ കര്‍ശന നിയന്ത്രണം ഉണ്ടെന്ന് അവകാശപ്പെടുന്ന യുഎസിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുന്ന സംഭവമായിരുന്നു ഇത്. സാധാരണ ഒരു സമയം ഒന്നോ രണ്ടോ മിസൈലുകള്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി ഓഫ്-ലൈന്‍ ആക്കാറുണ്ടെങ്കിലും ഇത്തരത്തില്‍ 50 മിസൈലുകള്‍ക്ക് മേല്‍ ഒരു മണിക്കൂറോളം നിയന്ത്രണം നഷ്ടപ്പെട്ടത് അത്യപൂര്‍വ്വ സംഭവമാണെന്ന് സൈനിക ഓഫീസര്‍മാര്‍ വെളിപ്പെടുത്തുന്നു.

അത്യന്തം ഗൌരവമര്‍ഹിക്കുന്ന വിഷയമായതിനാല്‍ പ്രസിഡന്റ് ബരാക്ക് പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സില്‍ നിന്ന് വിശദീകരണം തേടിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭൂഗര്‍ഭ കേബിളുകളില്‍ വന്ന തകരാറാണ് പ്രശ്നമായതെന്നാണ് പ്രാഥമിക വിവരം.

യുഎസിലെ മൂന്ന് പ്രധാന ആണവ കമാന്‍ഡുകളില്‍ ഒന്നാണ് വ്യോമിഗിലുള്ളത്. യുഎസിന്റെ 450 ഭൂഖണ്ഡാന്തര ആണവ മിസൈലുകളില്‍ 150 എണ്ണം ഇവിടെയാണ്. 6,000 മൈലില്‍ അധികം പ്രഹര ശേഷിയുള്ള മൈന്യൂട്ട്‌മാന്‍ -3 മിസൈലുകളാണ് ഇവിടെ ശേഖരിച്ചിരിക്കുന്നത്.

യുഎസ് പ്രസിഡന്റിന്റെ നിര്‍ദ്ദേശ പ്രകാരം മാത്രമേ മിസൈല്‍ ആക്രമണം നടത്താന്‍ സാധിക്കുകയുള്ളൂ. ബില്‍ ക്ലിന്റന്റെ ഭരണകാലത്ത് ആണവ യുദ്ധം ആരംഭിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുന്ന രഹസ്യ കോഡ് മാസങ്ങളോളം കൈമോശം വന്നിരുന്നു എന്ന് ഒരു വിരമിച്ച സൈനിക ഓഫീസര്‍ അടുത്തകാലത്ത് വെളിപ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :