ദമാസ്‌കസ്|
WEBDUNIA|
Last Modified തിങ്കള്‍, 26 ഓഗസ്റ്റ് 2013 (08:53 IST)
PRO
ഐക്യരാഷ്ട്രസഭാ പ്രതിനിധിസംഘം സിറിയയില്‍ രാസായുധപ്രയോഗം നടന്ന സ്ഥലം സന്ദര്‍ശിക്കും. പ്രൊഫ. ആക്കെ സെല്‍സ്‌ട്രോമിന്റെ നേതൃത്വത്തിലുള്ള 20 അംഗ യുഎന്‍ സംഘമാണ് രാസായുധപ്രയോഗത്തിന്റെ ഉപയോഗം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക.
ബുധനാഴ്ചയാണ് ദമാസ്‌കസിലെ ഘൗട്ട മേഖലയില്‍ രാസായുധപ്രയോഗം നടന്നത്. 1300 പേര്‍ മരിച്ചതായി വിമതസേന ആരോപിച്ചിരുന്നു. എന്നാല്‍ വിമതസേനയാണ് ആക്രമണം നടത്തിയതെന്നാണ് ഭരണകൂടത്തിന്റെ ആരോപണം.
സൈന്യം രാസായുധം പ്രയോഗിച്ചെന്ന് തെളിഞ്ഞാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് അമേരിക്കയും ബ്രിട്ടനും സിറിയയ്ക്ക് മുന്നറിയിപ്പുനല്‍കി. അതിനിടെ, അമേരിക്കയുടെ യുദ്ധനീക്കത്തിനെതിരെ കടുത്ത എതിര്‍പ്പുമായി റഷ്യയും ഇറാനും രംഗത്തെത്തി. സിറിയയെ അമേരിക്ക ആക്രമിച്ചാല്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് അവര്‍ മുന്നറിയിപ്പുനല്‍കി. അമേരിക്ക യുദ്ധസന്നാഹങ്ങളുമായി ഇറങ്ങിയാല്‍ മധ്യപൂര്‍വദേശം കത്തുമെന്ന് സിറിയയും ഭീഷണിമുഴക്കി.
ഒബാമയുടെ ഉത്തരവിനായി അമേരിക്കന്‍ നാവികസേന മെഡിറ്ററേനിയനില്‍ കാത്തിരിക്കുകയാണ്. സേന സിറിയന്‍തീരത്തോട് കൂടുതല്‍ അടുത്തിട്ടുണ്ട്. ഏതുസമയവും ആക്രമണം നടത്താന്‍ സൈന്യം സര്‍വസജ്ജമാണെന്ന് പ്രതിരോധസെക്രട്ടറി ചക് ഹേഗല്‍ വ്യക്തമാക്കി. ബ്രിട്ടനും ഫ്രാന്‍സും അമേരിക്കന്‍ സേനയ്‌ക്കൊപ്പം ആക്രമണത്തിനുണ്ടാകുമെന്ന് കരുതുന്നു.