മുഗാബെ പദവി വിടില്ല: ഭാര്യ

WEBDUNIA| Last Modified ശനി, 31 മെയ് 2008 (14:23 IST)
സിംബാവെ പ്രസിഡന്‍റ് റോബര്‍ട്ട് മുഗാബെ ഒരിക്കലും പ്രസിഡന്‍റ് പദവി വിട്ടൊഴിയില്ലെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ. അടുത്ത മാസം നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ റണ്‍ ഓഫ് റൌണ്ടില്‍ പ്രതിപക്ഷ നേതാവ് മോര്‍ഗന്‍ സ്വാന്‍‌ഗിരായ് വിജയിച്ചാലും അധികാ‍രം കൈമാറാന്‍ വഴിയില്ലെന്നും മുഗാബെയുടെ ഭാര്യ ഗ്രേസ് മുഗാബെ പറഞ്ഞു.

ഏത് സാഹചര്യത്തിലായാലും സവാന്‍‌ഗിരായുടെ മൂവ്‌മെന്‍റ് ഫോര്‍ ഡെമോക്രാറ്റിക് ചേഞ്ച്(എം ഡി സി) രാജ്യത്തിന്‍റെ അധികാ‍രം കയ്യടക്കുന്നത് തടയുമെന്നും അവര്‍ പറഞ്ഞു. ഭരണകക്ഷിയായ സനു -പി എഫ് കക്ഷിയുടെ അനുഭാവികളോട് സംസാരിക്കവെ ആണ് അവര്‍ ഇത് പറഞ്ഞത്.

എം ഡി സിക്ക് ജനങ്ങള്‍ വോട്ട് ചെയ്താലും സ്വാന്‍‌ഗിരായ് ഭരണനിര്‍മ്മാണ സഭയുടെ അകത്ത് കടക്കില്ല. മുഗാബെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും സനു -പി എഫ് കക്ഷിയിലെ മറ്റാര്‍ക്കെങ്കിലും വേണ്ടിയേ അദ്ദേഹം സ്ഥാനം ഒഴിയുകയുള്ളൂവെന്ന് അവര്‍ പറഞ്ഞു.

ഹരാരെയ്ക്ക് വടക്ക് കിഴക്ക് ഷംവ പ്രദേശത്ത് ഭര്‍ത്താവിനൊപ്പം സന്ദര്‍ശനം നടത്തിയ ശേഷം ആണ് ഗ്രേസ് മുഗാബെ ഇത് പറഞ്ഞത്. ഇവിടെ എം ഡി സിക്കാരാണെന്ന് ആരോപിക്കപ്പെടുന്നവര്‍ കത്തിച്ച വീടുകളും മറ്റും കാണുന്നതിനാണ് ഇവര്‍ എത്തിയത്.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ആദ്യ റൌണ്ടില്‍ ആര്‍ക്കും 50 ശതമാനം വോട്ടുകള്‍ നേടാനായിരുന്നില്ല. എങ്കിലും സ്വാന്‍‌ഗിരായ്ക്കായിരുന്നു കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ കലാപത്തില്‍ കൂടുതല്‍ ആക്രമണങ്ങളും നടത്തിയത് സനു- പി എഫ് കക്ഷിക്കാരായിരുന്നുവെന്നാണ് യു എന്നും മറ്റ് മനുഷ്യാവകാശ സംഘടനകളും പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :