മുംബൈ: സിഡികള്‍ ലഖ്‌വിയെ കാണിക്കും

ഇസ്ലാമാബാദ്| WEBDUNIA| Last Modified വ്യാഴം, 19 മാര്‍ച്ച് 2009 (10:26 IST)
മുംബൈ ആക്രമണം സംബന്ധിച്ച് ഇന്ത്യ പാകിസ്ഥാന് തെളിവായി കൈമാറിയ സിഡികള്‍ പാക് പിടിയിലുള്ള ലഷ്കര്‍ തലവന്‍ സക്കിവുര്‍ റഹ്മാന്‍ ലഖ്‌വി, സരാര്‍ ഷാ, അബു അല്‍ ഖാമ എന്നിവരെ കാണിക്കുമെന്ന് പാക് ഫെഡറല്‍ അന്വേഷണ ഏജന്‍സി അറിയിച്ചു.

ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ഇവരെ ഇനി ചോദ്യം ചെയ്യുക‍. ഇതിനായി ഇപ്പോള്‍ റാവ‌ല്‍‌പിണ്ടിയിലെ അതീവ സുരക്ഷയുള്ള ആദിയാല ജയിലില്‍ കഴിയുന്ന ഇവര്‍ക്ക് പ്രത്യേക സൌകര്യമൊരുക്കും.

മൂവരുടെയും പൊലീസ് റിമാന്‍ഡ് നീട്ടണമെന്ന് കേസ് അന്വേഷിക്കുന്ന ഫെഡറല്‍ അന്വേഷണ ഏജന്‍സിയുടെ ആവശ്യപ്രകാരം തീവ്രവാദ വിരുദ്ധ കോടതി മൂവരുടെയും പൊലീസ് കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു.

പാക് ആവശ്യപ്രകാരം ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യാ‍നാണ് ഇവരുടെ പൊലീസ് റിമാന്‍ഡ് നിട്ടണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. മുംബൈ ആക്രമണത്തിനു പിന്നിലെ മുഖ്യ സൂത്രധാരകരെന്ന് കരുതുന്ന മൂവരെയും ഫെബ്രുവരി 12നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :