മാര്‍പാപ്പ സൂപ്പര്‍മാനായി!

വത്തിക്കാന്‍ സിറ്റി| WEBDUNIA|
PRO
PRO
മാര്‍പാപ്പ സൂപ്പര്‍മാനായി. ഞെട്ടേണ്ട, മാര്‍പാപ്പ സൂപ്പര്‍മാനായി ചിത്രീകരിച്ചിരിക്കുന്ന ചുവര്‍ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയെ അനീതിക്കെതിരെ പോരാടുന്ന സൂപ്പര്‍മാനായി ചിത്രീകരിച്ചുള്ള അജ്ഞാതന്റെ ചുവര്‍ചിത്രം വത്തിക്കാനാണ് ട്വീറ്റ് ചെയ്തത്. മുഷ്ടി ചുരുട്ടി വായുവില്‍ കുതിക്കുന്ന സൂപ്പര്‍മാനായിട്ടാണ് പോപ്പിനെ ചിത്രീകരിച്ചിരിക്കുന്നത്. ഇടതു കൈയില്‍ മാര്‍പാപ്പയുടെ കറുത്ത ബാഗുമുണ്ട്. മൂല്യങ്ങള്‍ എന്നര്‍ത്ഥം വരുന്ന സ്പാനിഷ് വാക്കായ വലോറെസ് എന്നും ബാഗില്‍ എഴുതിയിട്ടുണ്ട്.

റോമിലെ തെരുവില്‍ ആരോ വരച്ച ഒരു ചുവര്‍ചിത്രമാണ് വത്തിക്കാന്‍ വിശ്വാസികള്‍ക്കായി ഷെയര്‍ ചെയ്തത്. വത്തിക്കാനില്‍ സോഷ്യല്‍ മീഡിയയുടെ ചുമതല വഹിക്കുന്ന പൊട്ടെന്‍ഷ്യല്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ കമ്യൂണിക്കേഷന്‍സ് ഫ്രം ദി ഹോളി സീ ആണ് ചുവര്‍ചിത്രം ട്വീറ്റ് ചെയ്തത്. സുരക്ഷാ സംവിധാനങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ആശീര്‍വദിക്കുന്നതും കഥകളിലൂടെയും ഫലിതങ്ങളിലൂടെയും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതുമായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശൈലി വിശ്വാസികള്‍ക്കിടയില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കിയിരുന്നു. ട്വിറ്ററില്‍ സ്വന്തം അക്കൗണ്ടില്‍ സജീവമായ പോപ്പിന് ഒരു കോടിയോളം ഫോളോവേഴ്‌സാണുള്ളത്. ഇതിലൂടെ ഒമ്പത് ഭാഷകളിലായി പോപ്പ് നിരന്തരം ട്വീറ്റ് ചെയ്യാറുമുണ്ട്.

പ്രമുഖ അമേരിക്കന്‍ എന്റര്‍ടൈന്‍മെന്റ് മാഗസിനായ റോളിംഗ് സ്‌റ്റോണിന്റെ കവര്‍ ചിത്രത്തില്‍ ഇടം നേടിയ ആദ്യ പോപ്പ് എന്ന പദവിയും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലഭിച്ചു. വത്തിക്കാനില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവന്നതിനാണ് മാര്‍പാപ്പയെ കവര്‍ ഫോട്ടോയായി തെരഞ്ഞെടുക്കാന്‍ കാരണമെന്ന് മാഗസിന്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :