മാര്‍ഗരറ്റ് താച്ചര്‍ ‘നാണംകെട്ട വംശീയവിരോധി‘ എന്ന് ഓസ്ട്രേലിയന്‍ മന്ത്രി

ലണ്ടന്‍| WEBDUNIA|
PTI
PTI
മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ തന്റെ അവസാന നാളുകള്‍ ചെലവിട്ടത് മൂന്നു ലക്ഷത്തോളം രൂപ ദിവസവാടകയുള്ള ആഢംബര സ്യൂട്ടില്‍. ലണ്ടനിലെ പഞ്ചനക്ഷത്ര ഹോട്ടലായ റിറ്റ്സിലാണ് ഇവര്‍ താമസിച്ചത്. ഇവിടെ വച്ചുണ്ടായ പക്ഷാഘാതമാണ് അവരുടെ മരണത്തിന് കാരണമായത്.

സാധാരണക്കാരനായ ഒരു പലചരക്കുകടക്കാരന്റെ മകളായി സ്വയം വിശേഷിപ്പിക്കാറുള്ള താച്ചര്‍ റിറ്റ്സ് ഹോട്ടല്‍ ഉടമകളായ ബാര്‍ക്ലേ സഹോദരന്‍മാരുടെ അതിഥിയായാണ് ഇവിടെ കഴിഞ്ഞത് എന്നാണ് വിവരം. കുറച്ചു മാസങ്ങളായി അവര്‍ ഇവിടെയായിരുന്നു. താച്ചര്‍ ഹോട്ടല്‍ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തുമ്പോള്‍ അവിടെയുള്ളവര്‍ എഴുന്നേറ്റ് നിന്ന് അവരെ സ്വീകരിക്കുമായിരുന്നു.

അതിസമ്പന്നരായ ആശ്രിതരായിരുന്നു താച്ചര്‍ക്ക് കൂട്ടായി ഉണ്ടായിരുന്നത്. അവസാന കാലത്ത് അവര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ഒരുക്കിയത് ഈ ആളുകളായിരുന്നു.

മരണശേഷവും താച്ചര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഒട്ടും കുറവല്ല. അവരെ എതിര്‍ക്കുന്ന വിഭാഗങ്ങള്‍ തെരുവില്‍ ഇറങ്ങിയാണ് ആഹ്ലാദം പ്രകടിപ്പിച്ചത്. താച്ചര്‍ നാണംകെട്ട വംശീയ വിരോധിയായിരുന്നുവെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി ബോബ് കര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത് വിവാദമായിരുന്നു. ഏഷ്യക്കാരുടെ കുടിയേറ്റത്തിനെതിരെ അവര്‍ ഓസ്ട്രേലിയക്ക് മുന്നറിയിപ്പ് നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ബോബ് കര്‍ ഈ അഭിപ്രായപ്രകടനം നടത്തിയത്.

താച്ചറുടെ സംസ്കാരം ബുധനാഴ്ച ലണ്ടനിലെ സെന്‍റ് പോള്‍ കത്തീഡ്രലില്‍ ആണ് നടക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :