കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തെക്കുറിച്ചുള്ള അന്വേഷണം താലിബാനിലേക്ക് നീളുന്നു. വിമാനം തകര്‍ന്നുവീണതല്ലെന്നും റാഞ്ചിയതാണെന്നുമുള്ള സൂചനകളെ തുടര്‍ന്നാണിത്. അഫ്ഗാനിസ്താന്‍, വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ താലിബാന്‍ നിയന്ത്രണപ്രദേശത്തേക്ക് വിമാനം കൊണ്ടുപോയിട്ടുണ്ടാകാം എന്നാണ് നിഗമനം. പൈലറ്റോ അല്ലെങ്കില്‍ യാത്രക്കാരില്‍ ആരെങ്കിലുമോ ആയിരിക്കാം ഇത് ചെയ്തതെന്നാണ് സംശയിക്കപ്പെടുന്നത്.
അതേസമയം വിമാനത്തിലെ യാത്രക്കാരനായി ഒരു ഫ്ലൈറ്റ് എഞ്ചിനീയര്‍ ഉണ്ടായിരുന്നതായും വിവരമുണ്ട്. ഇയാളെ ചുറ്റിപ്പറ്റി അന്വേഷണം നടക്കുന്നുണ്ട്.
റഡാറുകളുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ വിമാനം 5000 അടി താഴ്ത്തി പറത്തിയതായും സൂചനയുണ്ട്. 'ഓള്‍ റൈറ്റ്, ഗുഡ് നൈറ്റ്' എന്നാണ് വിമാനത്തിന്റെ കോക്പിറ്റില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അവസാനമായി ലഭിച്ച സന്ദേശം. കോപൈലറ്റ് ഫരീഖ് അബ്ദുള്‍ ഹമീദാണ് സന്ദേശമയച്ചത്. ഈ സന്ദേശം അയക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് തന്നെ എസിഎആര്‍എസ് സംവിധാനങ്ങളിലൊന്ന് പ്രവര്‍ത്തനരഹിതമായിരുന്നു. പക്ഷേ പൈലറ്റ് ഇക്കാര്യം കണ്‍ട്രോള്‍ റൂമിനെ അറിയിക്കാത്തതും സംശയം വര്‍ധിപ്പിക്കുന്നുണ്ട്. ഇക്കാര്യം മനഃപൂര്‍വ്വം മറച്ചുവച്ചതാകാം എന്നാണ് സംശയിക്കപ്പെടുന്നത്.