കുത്തിച്ചുപായുന്ന നയാഗ്ര വെള്ളച്ചാട്ടത്തിലേക്ക് എടുത്തുചാടിയ ഒരാളെ രക്ഷിച്ചെടുക്കുക വളരെ പ്രയാസമേറിയ കാര്യമാണ്. കഴിഞ്ഞ തിങ്കളാഴ്ച ഇങ്ങനെ ഒരു സംഭവം നടന്നു. ആത്മഹത്യ ചെയ്യാനായി നയാഗ്ര വെള്ളച്ചാട്ടത്തില്‍ ചാടിയ ആള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ നയാഗ്രയില്‍ ചാടി, ജീവനോടെ രക്ഷപ്പെടുന്ന മൂന്നാമത്തെയാള്‍ എന്ന റെക്കോര്‍ഡും ഇയാള്‍ സ്വന്തമാക്കി.
ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്നയാളാണ് 180 അടി താഴ്ചയിലേക്ക് ചാടിയത്. ഹോഴ്സ് ഷൂ ഫോള്‍സിന് സമീപത്തെ വേലിയില്‍ കയറിയാണ് ഇയാള്‍ വെള്ളച്ചാട്ടത്തിലേക്ക് കുതിച്ചതെന്ന് നയാഗ്ര പാര്‍ക്ക് പൊലീസ് പറഞ്ഞു.
രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസ് ഇയാളെ രക്ഷിച്ചത്. ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് കയറ്റിയ ശേഷം ഹെലികോപ്ടറില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
എന്നാല്‍ ഇയാള്‍ക്ക് ഗുരുതരമായ പരുക്കുകളുണ്ട്. വാരിയെല്ലുകള്‍ തകര്‍ന്നുപോയി. 2009 മാര്‍ച്ചില്‍ ഒരു കനേഡിയന്‍ പൌരനെ വെള്ളച്ചാട്ടത്തില്‍ നിന്ന് രക്ഷിച്ചിരുന്നു.