മകനെ തിരിച്ച് വരു, നിനക്കായി അമ്മ കാത്തിരിക്കുന്നു
ബെയ്ജിംഗ്|
WEBDUNIA|
Last Modified ചൊവ്വ, 21 ജനുവരി 2014 (10:10 IST)
PRO
വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതിന് വീട് വിട്ട് പോയ മകനോട് തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ വേദനാജനകമായ ഫുള്‍പേജ് പരസ്യം പ്രസിദ്ധീകരിച്ചു.
ഓസ്ട്രേലിയയിലെ ദിനപത്രമായ മെല്‍ബണ്‍ ഡെയ്ലിയുടെ ആദ്യ പേജിലാണ് പുതുവര്‍ഷത്തില്‍ തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ടുള്ള തന്റെ കത്ത് ചൈനീസ് വനിത പരസ്യമായി നല്‍കിയത്. ‘പ്രിയപ്പെട്ട പെന്‍ഗ്, ഞാന്‍ നിരവധി തവണ നിന്നെ വിളിച്ചെങ്കിലും നീ പ്രതികരിച്ചില്ല. ചിലപ്പോള്‍ ഇത് നീ കാണുമായിരിക്കും.
വിവാഹം കഴിക്കാന്‍ ഇനി ഒരിക്കലും നിന്റെ അച്ഛനും അമ്മയും നിര്ബന്ധിക്കില്ല. ചൈനീസ് പുതുവര്‍ഷത്തില്‍ വീട്ടിലേക്ക് വരിക. നിന്നെ സ്നേഹിക്കുന്ന നിന്റെ അമ്മ’ ചൈനീസ് മെല്‍ബണ്‍ ഡെയ്ലി ചൊവ്വാഴ്ച ആദ്യപേജായി പ്രസിദ്ധീകരിച്ച കത്തില്‍ മകനായ പെന്ഗിനോട് അമ്മ പറയുന്നു.
ഓസ്ട്രേലിയയിലാണ് പെന്‍ഗ് താമസിക്കുന്നത്. പേര് വെളിപ്പെടുത്താത്ത അമ്മയുടെ താമസം ചൈനയിലെ ഗുവാന്സൗവിലാണ്. വിവാഹം കഴിക്കാന്‍ ചൈനയില്‍ തിരിച്ചെത്തണമെന്ന് പെന്ഗിന്റെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചിരുന്നു. ഇക്കാരണം കൊണ്ട് അമ്മയുടെ ഫോണ്‍കോളുകള്‍ പെന്‍ഗ് എടുത്തിരുന്നില്ല.
മകനെ തിരിച്ചെത്തിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ എന്തെന്ന് അറിയാതെയാണ് ഓസ്ട്രേലിയയിലെ ചൈനീസ് സമൂഹത്തിനിടയില്‍ പ്രാചാരമുള്ള പ്രമുഖ പത്രത്തില്‍ പരസ്യം നല്കാന് പെന്ഗിന്റെ അമ്മ തീരുമാനിച്ചത്.