ഭീകരര്‍ ആഫ്രിക്കയിലേയ്ക്ക് നീങ്ങുന്നു

വാഷിംഗ്ടണ്‍| WEBDUNIA|
പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്ന് ഭീകരര്‍ ആഫ്രിക്കയുടെ കിഴക്കന്‍ ഭാഗങ്ങളിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ചാവേര്‍ ആക്രമണമടക്കമുള്ള പുതിയ ഭീകരാക്രമണ പദ്ധതികള്‍ ആവിഷ്കരിക്കാനാണ് ഈ നീക്കമെന്നും അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. സൊമാലിയയെ അടുത്ത അഫ്ഗാന്‍ ആക്കാനാണ് തീവ്രവാദികള്‍ ശ്രമിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് പദ്ധതിയിടാനാണ് സൊമാലിയ താവളമാക്കാന്‍ അല്‍ക്വൊയ്ദയുമായി ബന്ധമുള്ള തീവ്രവാദികള്‍ ശ്രമിക്കുന്നത്. അഫ്ഗാനില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും നിരവധി തീവ്രവാദികള്‍ ആഫ്രിക്കയിലേയ്ക്ക് നീങ്ങിയിട്ടുണ്ട്.

ഗുരുതരമായ സുരക്ഷാ പ്രശ്നമാണിതെന്നും പ്രശ്നം പരസ്പരം ചര്‍ച്ച ചെയ്യേണ്ടതാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ മാസം ഒസാമ ബിന്‍ ലാദന്‍ പുറത്തുവിട്ട ഓഡിയോ ടേപ്പില്‍ സൊമാലിയ കേന്ദ്രമാക്കാന്‍ ആഹ്വാനം ചെയ്തതായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കിഴക്കന്‍ ആഫ്രിക്കയില്‍ സ്വാധീനം ചെലുത്താന്‍ തീവ്രവാദികള്‍ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നുണ്ട്. അതിന്‍റെ ഭാഗമായി കഴിഞ്ഞ ഒക്ടോബറില്‍ തീവ്രവാദികള്‍ ചാവേര്‍ ബോംബാക്രമണങ്ങള്‍ നടത്തിയിരുന്നു.

ആഫ്രിക്കന്‍ മുസ്ലീങ്ങളെ ഉപയോഗിച്ച് അല്‍ക്വൊയ്ദയാണ് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. അല്‍ക്വൊയ്ദയുമായി ബന്ധമുള്ള സംഘടനകളാണ് ആക്രമണങ്ങള്‍ക്ക് വേണ്ട സഹായം ചെയ്തുകൊടുത്തതെന്നും അവര്‍ ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :