നൈജീരിയയിലെ ബോര്‍ണോ പ്രവിശ്യയില്‍ ക്രിസ്ത്യന്‍ വംശജര്‍ക്കു നേരെ ബോക്കോ ഹറം തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ 106 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
വടക്കുകിഴക്കന്‍ നൈജീരിയയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ ഇസ്‌ഗേ ഗ്രാമത്തിലാണ് ബോക്കോ ഹറം തീവ്രവാദികള്‍ ആക്രമണങ്ങള്‍ അഴിച്ച് വിട്ടത്. കൈകളില്‍ വാളും കത്തിയുമായി തെരുവിലറങ്ങിയ ഭീകരര്‍ കണ്ണില്‍ കണ്ടവരയെല്ലാം അറുത്ത് ഇടുകയായിരുന്നു.
ഒരുസംഘം യുവാക്കളെ വളഞ്ഞ് കൊലപ്പെടുത്തി ആരംഭിച്ച ആക്രമണം വീടുകള്‍ തോറും കയറിയിറങ്ങിയുള്ള കൂട്ടക്കൊലയിലാണ് അവസാനിച്ചത്. നൂറിലേറെ ഭീകരര്‍ അഞ്ച് മണിക്കൂറിലേറെ നിലയുറപ്പിച്ചാണ് ആക്രമണം അഴിച്ചു വിട്ടത്.
കഴിഞ്ഞ ആഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ 9 സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഗ്രാമത്തില്‍ നിന്നും നൈജീരിയന്‍ സേന പിന്‍വാങ്ങിയിരുന്നു. ഇത് മുതലെടുത്താണ് ഭീകരര്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. മോട്ടോര്‍ സൈക്കിളുകളിലെത്തിയ ഭീകരര്‍ ജനങ്ങളെ വീടുകളില്‍ നിന്നും പുറത്തേക്ക് വലിച്ചിഴച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈന്യം പ്രദേശത്തെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. ആക്രമണം നടത്തിയ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമാണ് നിലവില്‍ ആക്രമണം നടന്ന ഇസ്‌ഗേ ഗ്രാമം.