ധാക്ക|
WEBDUNIA|
Last Modified ബുധന്‍, 25 ഫെബ്രുവരി 2009 (13:31 IST)
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ അര്‍ദ്ധസൈനിക വിഭാഗമായ ബംഗ്ലാദേശ് റൈഫിള്‍സിന്‍റെ(ബിഡിആര്‍) ആസ്ഥാനത്ത് കലാപം. ജവാന്‍മാരും ഓഫീസര്‍മാരും തമ്മില്‍ ഏറെ നേരം വെടിവയ്പ്പുണ്ടായതായാണ് വിവരം. അക്രമത്തില്‍ കുറഞ്ഞത് 20 പേരെങ്കിലും കൊല്ലപ്പെട്ടു. നിരവധി ഉയര്‍ന്ന ഉദ്യോഗസ്ഥരെ ജവാന്‍മാര്‍ ബന്ദികളാക്കിയിട്ടുണ്ട്.
കൊല്ലപ്പെട്ടവരില്‍ ബംഗ്ലാദേശ് റൈഫിള്‍സ് ഡയറക്ടര്‍ ജനറലും ഉള്‍പ്പെട്ടിട്ടുണ്ട്. സ്ഥിതി നിയന്ത്രിക്കാന്‍ സൈന്യം രംഗത്തെത്തി. വെടിവയ്പ്പ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. സൈനിക അട്ടിമറിയാണെന്ന് ആദ്യ ഘട്ടത്തില്‍ സംശയിച്ചിരുന്നു. എന്നാല്‍ ബിഡിആര്‍ സൈനികര്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടാണ് ഏറ്റുമുട്ടല്‍ നടത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്.
സൈനികര്‍ ബിഡിആര്‍ ആസ്ഥാനത്ത് പ്രവേശിക്കുകയും ആസ്ഥാനത്തിനടുത്ത് സൈനിക ഹെലികോപ്ടറുകള്‍ നിലയുറപ്പിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. റൈഫിള്‍സ്, മെഷീന്‍ ഗണ്‍ തുടങ്ങിയ ആയുധങ്ങളുപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോംപ്ലക്സിനകത്ത് നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഉടന്‍ തന്നെ ആയുധം താഴെ വച്ച് ബാരക്കുകളിലേക്ക് മടങ്ങണമെന്ന് പ്രതിരോധ മന്ത്രാലയത്തിന്‍റെ ചാനല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ മുതലാണ് ആക്രമണം തുടങ്ങിയത്. ഇതിനു മുന്‍പും ഇത്തരത്തിലുള്ള ആക്രമണം ബംഗ്ലാദേശില്‍ ഉണ്ടായിട്ടുണ്ട്. പട്ടാളഭരണം നില നിന്നിരുന്ന ബംഗ്ലാദേശില്‍ ഈയടുത്താണ് ഷെയ്ക്ക് ഹസീനയുടെ നേതൃത്വത്തില്‍ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.