മോസ്കോ|
WEBDUNIA|
Last Modified തിങ്കള്‍, 7 ജൂണ്‍ 2010 (09:54 IST)
ഏപ്രിലില്‍ റഷ്യന്‍ പ്രദേശത്ത് തകര്‍ന്ന് വീണ പോളണ്ട് പ്രസിഡന്റിന്റെ വിമാനം റഷ്യന്‍ പൊലീസുകാര്‍ കൊള്ളയടിച്ചു എന്ന് ആരോപണം. വിമാന ദുരന്തത്തില്‍ പോളണ്ട് പ്രസിഡന്റ് ലേ കസിന്‍സ്കിയും ഭാര്യയും ഉള്‍പ്പെടെ 96 പേര്‍ മരിച്ചിരുന്നു.
അപകടത്തില്‍ കൊല്ലപ്പെട്ട അന്ദ്രസെജ് പ്രസ്‌വോസ്നിക് എന്ന ഉന്നത പോളണ്ട് ഉദ്യോഗസ്ഥന്റെ ബാങ്ക് കാര്‍ഡ് റഷ്യയുടെ പ്രത്യേക പൊലീസ് വിഭാഗമായ ഒമോണിന്റെ മൂന്ന് ഓഫീസര്‍മാര്‍ ഉപയോഗിച്ചു എന്നാണ് ആരോപണം. പോളണ്ട് സര്‍ക്കാരിന്റെ വക്താവ് പവല്‍ ഗ്രാസ് ഞായറാഴ്ചയാണ് ഈ ആരോപണവുമായി രംഗത്ത് എത്തിയത്.
എന്നാല്‍, റഷ്യ ഈ ആരോപണം ശക്തമായി നിഷേധിച്ചു. വിമാനം തകര്‍ന്നതിനെ കുറിച്ചു നടത്തിയ അന്വേഷണത്തില്‍ സംതൃപ്തി പ്രകടിപ്പിച്ച പോളണ്ടിന്റെ ആക്ടിംഗ് പ്രസിഡന്റ് മെയ് എട്ടിന് റഷ്യന്‍ ഓഫീസര്‍മാര്‍ക്ക് രാജ്യത്തിന്റെ വകയായി ബഹുമതി നല്‍കിയത് റഷ്യ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
അന്ദ്രസെജ് പ്രസ്‌വോസ്നിക്കിന്റെ ബാങ്ക് നിക്ഷേപത്തില്‍ നിന്ന് 2,000 ഡോളര്‍ അപ്രത്യക്ഷമായതായി അദ്ദേഹത്തിന്റെ വിധവ പരാതിപ്പെട്ടിരുന്നു. വിമാനം തകര്‍ന്ന ദിവസവും അതിനു ശേഷമുള്ള രണ്ട് ദിവസങ്ങളിലുമായാണ് പണം പിന്‍വലിച്ചിരിക്കുന്നത്.