പ്രശ്നങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യ: പാക്

ഇസ്ലാമബാദ്| WEBDUNIA| Last Modified വ്യാഴം, 31 ജൂലൈ 2008 (17:44 IST)
പാകിസ്ഥാനിലെ ഗോത്ര മേഖലകളിലെ തീവ്രവാദികളെ നിയന്ത്രിക്കണമെന്ന അമേരിക്കന്‍ സമ്മര്‍ദ്ദം അധികരിച്ചിരിക്കെ, പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് ഇന്ത്യയും അഫ്ഗാനിസ്ഥാനുമാണെന്ന് പാകിസ്ഥാന്‍ ആരോപിച്ചു. പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയിലും ബലൂചിസ്ഥാന്‍ പ്രവിശ്യയിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് ഇന്ത്യയാണെന്നാണ് ആരോപണം.

ഇന്ത്യയും അഫ്ഗാനിസ്ഥാനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ അമേരിക്കയും മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങളും ഇടപെടണമെന്ന് പി പി പി നേതാവും ആഭ്യന്തര മന്ത്രിയുമായ റഹ്മാന്‍ മാലിക് ആവശ്യപ്പെടുകയും ചെയ്തു. പി പി പി ഉപാധ്യക്ഷന്‍ അസീഫ് അലി സര്‍ദാരിയുടെ അടുത്ത ആളാണ് റഹ്മാന്‍ മാലിക്.

പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യ ശിഥിലീകരിക്കാനാണ് ഇന്ത്യയും അഫ്ഗാ‍നിസ്ഥാനും ശ്രമിക്കുന്നത്. അവര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തണം- മാലിക് പറഞ്ഞു.

പാകിസ്ഥാനെതിരെ ഇന്ത്യ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നുവെന്നും റ‌ഹ്മാന്‍ മാലിക് കുറ്റപ്പെടുത്തി. ബലൂചിസ്ഥാനിലും വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയിലും നടക്കുന്ന തീവ്രവദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ വിദേശ കരങ്ങളുണ്ടെന്ന് പാകിസ്ഥാന്‍ നേരത്തേയും ആരോപിച്ചിട്ടുണ്ടെങ്കിലും പുതിയ സര്‍ക്കാരിലെ മുതിര്‍ന്ന അംഗം ഇന്ത്യയ്ക്ക് നേരെ ആരോപണം ഉന്നയിക്കുന്നത് ആദ്യമായാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :