പ്രതിരോധ സംവിധാനം: റഷ്യയുടെ സ്വാധീനമില്ലെന്ന് ഒബാമ
വാഷിംഗ്‌ടണ്‍|
WEBDUNIA|
PRO
PRO
യൂറോപ്പിനെതിരെ മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാനുള്ള തീരുമാനം യുഎസ് പിന്‍വലിച്ചത് റഷ്യയുടെ സ്വാധീനം കൊണ്ടാണെന്ന വാര്‍ത്ത പ്രസിഡന്‍റ് ബരാക് ഒബാമ നിഷേധിച്ചു. അമേരിക്കയിലെ ടെലിവിഷന്‍ ചാനലായ സിബിഎസിന്‍റെ ‘ഫേസ് ദ നാഷന്‍’ എന്ന അഭിമുഖ പരിപാടിയില്‍ പങ്കെടുക്കവേയാണ് ഒബാമ ഇക്കാര്യം പറഞ്ഞത്.
റഷ്യയെ ലക്‌ഷ്യം വെച്ചുള്ളതല്ല യുഎസിന്‍റെ മിസൈല്‍ പദ്ധതി. പുതിയ തീരുമാനം വഴി അമേരിക്കയെക്കുറിച്ചുള്ള റഷ്യന്‍ നേതൃത്വത്തിന്‍റെ ഭീതിയകന്നെങ്കില്‍ അത് അധിക നേട്ടമായി കരുതിയാല്‍ മതിയെന്നും ഒബാമ പറഞ്ഞു.
യു എസിന്‍റെ പ്രതിരോധ നയം തീരുമാനിക്കുന്നത് റഷ്യക്കാരല്ലെന്നും, തന്‍റെ ലക്‌ഷ്യം റഷ്യക്കാരുമായുള്ള ചര്‍ച്ചയല്ലെന്നും ഒബാമ അഭിമുഖത്തില്‍ വ്യക്‌തമാക്കി. റഷ്യയുടെ ഭീതി കുറഞ്ഞതും ഇറാന്‍റെ ബാലിസ്റ്റിക്ക് മിസൈല്‍, ആണവ ഭീഷണികള്‍ക്കെതിരെ സഹരിക്കാന്‍ തീരുമാനിച്ചതും യുഎസിന്‍റെ പുതിയ തീരുമാനത്തിന്‍റെ ഫലമാണെന്നും ഒബാമ പറഞ്ഞു.
മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കുന്നതില്‍ നിന്നുള്ള യുഎസ് പിന്‍മാറ്റത്തിനെതിരെ അമേരിക്കയിലും പുറത്തും വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് ഒബാമയുടെ വിശദീകരണം.