നെറികേട് കാണിച്ചാല്‍ അടിച്ചു പല്ലുകൊഴിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് സാധാരണമാണ്. ഇവിടെ ഒരു യുവതി അങ്ങനെ പ്രവര്‍ത്തിക്കുക തന്നെ ചെയ്തു. തന്നെ വഞ്ചിച്ച കാമുകന്റെ പല്ലുകള്‍ ഒന്നൊഴിയാതെ പറിച്ചെടുത്താണ് യുവതി പ്രതികാരം ചെയ്തത്. കാമുകി ദന്ത ഡോക്ടര്‍ ആയതിനാല്‍ കാര്യങ്ങള്‍ എളുപ്പമാകുകയും ചെയ്തു. പല്ലില്ലാത്തയാളെ വേണ്ടെന്ന് പറഞ്ഞ് പുതിയ കാമുകി ഇയാളെ തഴയുകയും ചെയ്തു.
പോളണ്ടിലെ വ്റോകോളില്‍ നിന്നുള്ള അന്നാ മകോവിയക് എന്ന ദന്തഡോക്ടര്‍(34) ആണ് കാമുകനോട് കണക്കുതീര്‍ത്തതിന്റെ പേരില്‍ വിചാരണ നേരിടുന്നത്. മറെക്ഒല്‍സെവ് സ്കി എന്ന 45-കാരനായിരുന്നു അന്നയുടെ കാമുകന്‍. എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഇയാള്‍ക്ക് അന്നയെ മടുത്തു. പിന്നെ മറ്റൊരു യുവതിയുടെ കൂടെയായി കറക്കം.
ഇതിനിടെ പല്ലുവേദന കാരണം മറെക് മുന്‍കാമുകിയുടെ അടുത്ത് ചികിത്സ തേടിയെത്തി. അന്ന അവസരം ശരിക്കും മുതലാക്കി. കേടായ പല്ല് നീക്കം ചെയ്യാമെന്ന് പറഞ്ഞ് അയാളുടെ മോണ മരവിപ്പിച്ചു. തുടര്‍ന്ന് വായിലെ മുഴുവന്‍ പല്ലുകളും പിഴുതെടുത്തു. മോണ മരവിച്ചത് മൂലം മറെകിന് ഇക്കാര്യം പിടികിട്ടിയില്ല. തുടര്‍ന്ന് അന്ന ഇയാളുടെ തലയും കീഴ്താടിയും ചേര്‍ത്ത് ബാന്‍ഡേജിട്ടു. ഒരു വിദഗ്ദ്ധ ഡോക്ടറെ കണ്ടാല്‍ മാത്രമേ പല്ലുരോഗം മാറുകയുള്ളൂ എന്ന് ഉപദേശിച്ച് പറഞ്ഞുവിടുകയും ചെയ്തു.
വീട്ടിലെത്തിയ മറെക് ഞെട്ടി. കണ്ണാടിയില്‍ നോക്കിയപ്പോള്‍ വായില്‍ ഒരു പല്ല് പോലും കാണാനില്ല. പുതിയ കാമുകിയെ കണ്ട് സങ്കടം പറഞ്ഞപ്പോള്‍ അവള്‍ അയാളെ തള്ളിപ്പറയുകയും ചെയ്തു.
രോഗിയോടു വിശ്വാസവഞ്ചന കാട്ടിയതിനാണ് അന്നയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കും.