തായ്‌ലാന്‍ഡ് സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തിപ്പെട്ടതോടെ തായ് പ്രധാനമന്ത്രി തലസ്ഥാനമായ ബാങ്കോക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബാങ്കോക്കിലും ചുറ്റുമുള്ള പ്രദേശങ്ങളിലുമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
“പ്രക്ഷുബ്ധമായ സാഹചര്യം സാധാരണ ഗതിയിലാക്കാനാണ് അടിയന്തരാവസ്ഥയ്ക്ക് ഉത്തരവിട്ടത്” - പ്രധാനമന്ത്രി അഭിസിത് വെജ്ജാജിവ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പാര്‍ലമെന്‍റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് തായ്‌ലാന്‍ഡില്‍ പ്രക്ഷോഭം നടത്തിവരുന്ന ചെങ്കുപ്പായക്കാര്‍ ബുധനാഴ്ച തായ് പാര്‍ലമെന്‍റ് വളപ്പിലേക്ക് ഇരച്ചുകയറിയിരുന്നു. ഗേറ്റിന് പുറത്ത് ശക്തമായ പൊലീസ് കാവല്‍ ഉണ്ടായിരുന്നെങ്കിലും ഇവരെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയാണ് പ്രക്ഷോഭകര്‍ പാര്‍ലമെന്‍റ് വളപ്പിനകത്തേക്ക് പ്രവേശിച്ചത്.
ഗേറ്റില്‍ കാവലുണ്ടായിരുന്ന പൊലീസുകാരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായി പ്രക്ഷോഭകര്‍ അവകാശപ്പെട്ടു. ടിയര്‍ ഗ്യാസുകള്‍ സൂക്ഷിക്കുന്ന ചെറുപെട്ടികളും റൈഫിളുകള്‍ ഉള്‍പ്പെടെയുള്ള ഏതാനും ആയുധങ്ങളും ഇവര്‍ പരസ്യമായി ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു.
പ്രക്ഷോഭകര്‍ പാര്‍ലമെന്‍റിനകത്തേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടെയുണ്ടായിരുന്നു. മാര്‍ച്ച് മുതലാണ് പ്രധാനമന്ത്രി അഭിസിത് വെജ്ജാജിവ പാര്‍ലമെന്‍റ് പിരിച്ചുവിടണമെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ചെങ്കുപ്പായക്കാര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇവരുമായി സംസാരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും ചര്‍ച്ചയ്ക്ക് ഇതുവരെ കളമൊരുങ്ങിയിട്ടില്ല.