പെരുമ്പാമ്പ് മൃഗശാലാ ജീവനക്കാരനെ കൊന്നു

കാരകസ്| WEBDUNIA| Last Modified ബുധന്‍, 27 ഓഗസ്റ്റ് 2008 (13:06 IST)
ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വേലയില്‍ മൃഗശാലാ ജീവനക്കാരനെ പെരുമ്പാമ്പ് കൊന്നു. രാത്രി പെരുമ്പാമ്പിനെ കൂട്ടില്‍ നിന്ന് പുറത്ത് കടക്കാന്‍ ഇയാള്‍ അനുവദിച്ചതാണ് വിനയായത്. മൂന്ന് മീറ്റര്‍ നീളമുള്ള പെരുമ്പാമ്പാണ് ഈ കൃത്യം നടത്തിയത്.

കൊന്ന ശേഷം ഇയാളുടെ ശിരസ് വിഴുങ്ങാന്‍ തയാറെടുക്കവെ ആണ് മറ്റുള്ളവര്‍ സംഭവം കാണുന്നത്. പരിഭ്രാന്തരായ മറ്റ് ജീവനക്കാര്‍ പെരുമ്പാമ്പിനെ അടിച്ച് മൃതദേഹം വിഴുങ്ങുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. പ്രാദേശിക മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

എറിക് അറീത എന്ന ജീവശാസ്ത്ര വിദ്യാര്‍ത്ഥിക്കാണ് ഈ ദുര്‍ഗതി ഉണ്ടായത്. മൃതദേഹത്തിലെ അടയാളങ്ങളില്‍ നിന്ന്, ഞെരിച്ച് കൊല്ലും മുന്‍പ് പെരുമ്പാമ്പ് എറികിനെ കടിക്കുകയും ചെയ്തതായി വ്യക്തമായി.

എറീത(29) മൃഗശാലയിലെ ഉരഗ വിഭാഗത്തിന്‍റെ മേല്‍‌നോട്ടം ഒറ്റയ്ക്ക് വഹിക്കവെയാണ് മൃഗശാലാ നിയമങ്ങള്‍ ലംഘിച്ച് കൊണ്ട് പാമ്പിന്‍റെ കൂട് തുറന്ന് കൊടുത്തത്. മൃഗശാലയ്ക്ക് രണ്ട് മാസം മുന്‍പാണ് ഈ പെരുമ്പാമ്പിനെ ലഭിച്ചത്. ഇതിനെ ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ലെന്ന് മൃഗശാലാ അധികൃതര്‍ വെളിപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :