വര്‍ഷങ്ങളോളം സ്വന്തം മകളെ പീഡിപ്പിച്ചു കൊണ്ടിരുന്ന പിതാവിനെ ഓസ്ട്രിയക്കാരനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. 73 കാരനായ ഇയാള്‍ മകളെ സ്വന്തം വീട്ടിലെ നിലവറയില്‍ തടവില്‍ പാര്‍പ്പിച്ച് ലൈംഗിക ചൂഷണത്തിനു വിധേയമാക്കാന്‍ തുടങ്ങിയിട്ട് 24 വര്‍ഷമായെന്ന് റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടുണ്ട്.
നാല്പത്തിരണ്ട് കാരിയായ സ്ത്രീയെ 1984 മുതല്‍ പിതാവ് പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഒടുവില്‍ ഓസ്ട്രിയന്‍ പൊലീസിന്‍റെ രഹസ്യ വിഭാഗം കണ്ടു പിടിക്കുന്നതു വരെ ഇതു തുടര്‍ന്നു. ശനിയാഴ്ച രാത്രി ആംസ്റ്റെട്ടെന്‍ നഗരത്തിലേക്ക് രക്ഷപെട്ട സ്ത്രീ നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പൊലീസ് സ്ഥലം കണ്ടു പിടിച്ചത്.
തന്‍റെ പതിനൊന്നാമത്തെ വയസ്സു മുതല്‍ പിതാവ് പീഡനത്തിന് ഇരയാക്കുക ആയിരുന്നെന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞു. 1988 ല്‍ ഇവരെ ഒരു നിലവറയ്‌ക്കുള്ളില്‍ പൂട്ടിയിട്ടായിരുന്നു കാര്യം നടത്തിയിരുന്നത്. വര്‍ഷങ്ങളായി നടത്തി വന്ന ബലാത്സംഗത്തിലൂടെ ഇവര്‍ക്ക് ആറ് മക്കള്‍ ഉണ്ട്. ഏഴു പേരുണ്ടായിരുന്നതില്‍ ഒരാള്‍ മരിച്ചു പോയി.
നിലവറയില്‍ തന്നോടൊപ്പം തന്നെ മൂന്ന് കുട്ടികള്‍ ഉണ്ടെന്നും മറ്റ് മൂന്ന് പേരെ നോക്കുന്നത് സ്വന്തം അമ്മയും പിതാവും ചേര്‍ന്നാണെന്നും സ്ത്രീ വ്യക്തമാക്കി. മകള്‍ തന്‍റെ മക്കളെ വാതില്‍ക്കല്‍ ഏല്‍പ്പിച്ചിട്ട് കടന്നു കളഞ്ഞെന്നാണ് അവര്‍ എല്ലാവരോടും പറഞ്ഞിരുന്നത്. ഒരു കിടപ്പു മുറിയും കക്കൂസും അടുക്കളയും ഉള്ളതാണ് നിലവറ.
പിതാവ് പുറത്തേക്കു പോകുമ്പോള്‍ മകളെ മയക്കു മരുന്ന് കുത്തിവച്ചിട്ടോ ചങ്ങലയില്‍ ബന്ധിക്കുകയോ ചെയ്തിരുന്നതിനാല്‍ സ്ത്രീയ്‌ക്ക് രക്ഷപെടാന്‍ ഒരു പഴുതും ലഭിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു.