വാഷിങ്ങ്ടണ്‍|
സജിത്ത്|
Last Modified വെള്ളി, 2 ജൂണ്‍ 2017 (07:35 IST)
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പാരിസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് പിന്‍മാറുന്ന കാര്യം പ്രഖ്യാപിച്ചത്. പാരിസ് ഉടമ്പടി ചൈനയുടെ ഗൂഢാലോചനാ ഫലമാണെന്നും യുഎസ് താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ അത് വിവേചനപരമാണെന്നും ട്രംപ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പുവേളയില്‍ അമേരിക്കന്‍ ജനതയ്ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചായിരുന്നു ചരിത്രപരമായ ഉടമ്പടിയില്‍ നിന്ന് പിന്‍മാറാന്‍ ട്രംപ് തീരുമാനിച്ചത്. ആഗോള താപനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകം ഒന്നിച്ചുനില്‍ക്കെ, കരാറില്‍ നിന്നുള്ള ഈ പിന്മാറ്റം ട്രംപിനെ യൂറോപ്പില്‍ കൂടുതല്‍ അപ്രിയനാക്കാനും സാധ്യത തെളിഞ്ഞു.
2015ലാണ് 195 രാജ്യങ്ങള്‍ അംഗീകരിച്ച് പാരിസ് ഉടമ്പടി ഒപ്പിട്ടത്. സിറിയയും നിക്കരാഗ്വയും മാത്രമായിരുന്നു കരാറില്‍ ഇതുവരെ ഒപ്പിടാതിരുന്നത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനു കാര്‍ബണ്‍ നിര്‍ഗമനം ലഘൂകരിച്ചു വ്യാവസായിക വിപ്ലവത്തിനു മുന്‍പുള്ള കാലത്തെ സ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നാണ് പാരിസ് ഉടമ്പടിയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.