ഡിസംബര്‍ 16ന് അടിയന്തരാവസ്ഥ പിന്‍വലിക്കുമെന്ന പാകിസ്ഥാന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫിന്‍റെ പ്രഖ്യാപനത്തെ അമേരിക്ക സ്വാഗതം ചെയ്തു. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയിലേക്ക് മടക്കിക്കൊണ്ടു വരുന്നതില്‍ ഈ പ്രഖ്യാപനം നിര്‍ണ്ണായകമാണെന്ന് അമേരിക്ക പ്രതികരിച്ചു.
ഇത് ശുഭകരവും നിര്‍ണ്ണായകവുമായ നടപടിയാണ്. ജനുവരിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് ഞങ്ങള്‍ ഉറ്റുനോക്കുകയാണ്- അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് വക്താവ് സീന്‍ മകോര്‍മക് പറയുന്നു.
മുഷറഫ് സൈനിക വേഷം ഉപേഷിച്ചതും സിവിലിയന്‍ പ്രസിഡന്‍റായി അധികാരമേറ്റതും ശുഭകരമാണ്. പാകിസ്ഥാനെ ജനാധിപത്യത്തിലേക്കും ഭരനഘടനയിലേക്കും മടക്കിക്കൊണ്ടു പോകുന്നതിന് ഇത് പ്രയോജനം ചെയ്യും - മകോര്‍മക് അഭിപ്രായപ്പെട്ടു.
ആത്യന്തികമായി പാകിസ്ഥാനിലെ ജനങ്ങളാണ് തങ്ങളെ ആര് നയിക്കണമെന്ന് തീരുമാനിക്കേണ്ടത്. രാഷ്ട്രീയ മാറ്റം എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടതും ജനങ്ങളാണ്- മകോര്‍മക് പറഞ്ഞു.
തെരഞ്ഞെടുപ്പിന് അനുയോജ്യമായ അന്തരീക്ഷം പാകിസ്ഥാനില്‍ സൃഷ്ടിക്കേണ്ടതുണ്ടെന്ന് മകോര്‍മക് പറഞ്ഞു. തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വകവും സുതാര്യവുമാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.