പാക് പ്രതിരോധ ബജറ്റ് വീണ്ടും കൂട്ടി

ഇസ്ലാമാബാദ്| WEBDUNIA| Last Modified ശനി, 9 ജനുവരി 2010 (10:33 IST)
PRO
ഇന്ത്യ ഉയര്‍ത്തുന്ന സൈനിക ഭീഷണിയെ ചെറുക്കാന്‍ പാക് സര്‍ക്കാര്‍ സൈന്യത്തിന് 35 ബില്യണ്‍ രൂപയുടെ അധിക ധനസഹായം അനുവദിച്ചു. 2009-10 കാലയളവിലേക്കുള്ള 342.9 ബില്യണ്‍ രൂപയുടെ പ്രതിരോധ ബജറ്റിനു പുറമെയാണിത്. അധിക ധനസഹായം കൂടി ലഭ്യമാകുന്നതോടെ പാകിസ്ഥാന്‍റെ പ്രതിരോധ ബജറ്റ് 378 ബില്യണ്‍ രൂപയായി ഉയരും. ജൂണില്‍ പ്രതിരോധ ബജറ്റ് 342.9 ബില്യണായി ഉയര്‍ത്താന്‍ പാക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 296 ബില്യണ്‍ രൂപയായിരുന്നു പാകിസ്ഥാന്‍റെ പ്രതിരോധ ബജറ്റ്. സൈന്യത്തിന് അധിക ധനസഹായം അനുവദിക്കണമെന്ന സൈനിക മേധാവി ജന. അഷ്ഫഖ് പര്‍വേസ് കിയാനിയുടെ ആവശ്യം പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയും പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിയും ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

എന്നാല്‍ ഇന്ത്യന്‍ ഭീഷണി നേരിടുന്നതിനല്ല അധിക ധനസഹായം അനുവദിച്ചതെന്നും പാക് ഗോത്ര മേഖലയിലെ താലിബാന്‍, അല്‍ക്വൊയ്ദ തീവ്രവാദികള്‍ക്കെതിരാ‍യ പോരാട്ടത്തിനായി ആധുനിക യുദ്ധോപകരണങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനാണെന്നുമാണ് ഔദ്യോഗിക വിശദീകരണം. ദക്ഷിണ വസീറിസ്ഥാനില്‍ താലിബാനെതിരായ പോരാട്ടത്തിനായി 30000 പാക് സൈനികരാ‍ണ് യുദ്ധമുന്നണിയിലുളളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :