കടുത്ത ഇന്ത്യാ വിരുദ്ധതയും മതതീവ്രവാദവും പാകിസ്ഥാനിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികളില്‍ കുത്തിവയ്ക്കുന്നതായി ഇസ്ലാമാബാദില്‍ നിന്നുള്ള മത പണ്ഡിതന്‍. ആണവ ശാസ്ത്രജ്ഞനും കമന്റേറ്ററുമായ പര്‍വേശ് ഹൂദ്ഭൊയ് ആണ് ഉദാഹരണങ്ങള്‍ സഹിതം ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
രാജ്യത്തെ മതപാഠശാലകള്‍ നേരത്തെ തന്നെ കുട്ടികളില്‍ മതതീവ്രവാദത്തിന്റെ വിത്തുകള്‍ പാകുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സ്കൂളുകളിലെ അവസ്ഥയും മറിച്ചല്ല എന്നാണ് ഹൂദ്ഭൊയിയുടെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്. പ്രൈമറി ക്ലാസുകളില്‍ നിന്ന് തന്നെ ഇത് തുടങ്ങുന്നു. കുട്ടികളെ ഉര്‍ദു അക്ഷരമാല പഠിപ്പിക്കുന്നത് ഇങ്ങനെയാണ്: എ ഫോര്‍ അള്ളാ, ബി ഫോര്‍ ബന്ദൂക്ക് (തോക്ക്), ടി ഫോര്‍ ടക് രാവൊ (കൂട്ടിയിടി), ജെ ഫോര്‍ ജിഹാദ്, കെ ഫോര്‍ ഖാന്‍ജര്‍ (വാള്‍) എന്നിങ്ങനെ പോകുന്നു അത്. തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുടെയും മതബിംബങ്ങളുടെയും ചിത്രങ്ങളും പുസ്തകത്തിലുണ്ട്.
പാകിസ്ഥാനെതിരായ ഇന്ത്യയുടെ തിന്മകള്‍, ഹിന്ദു- മുസ്ലിം വ്യത്യാസങ്ങള്‍ മനസിലാക്കി പാകിസ്ഥാന് വേണ്ടതെന്ത് എന്ന് തിരിച്ചറിയുക തുടങ്ങിയ വിഷയങ്ങളാണ് പ്രവൃത്തി പരിചയത്തിനും മറ്റുമായി വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്.
ലണ്ടനിലെ കിംഗ്സ് കോളജില്‍ നടന്ന സെമിനാറില്‍ ഹൂദ്ഭൊയ് അവതരിപ്പിച്ച പേപ്പറില്‍ ആണ് ഈ വെളിപ്പെടുത്തലുകള്‍ ഉള്ളത്. പാകിസ്ഥാനിലെ ഭീകരവാദത്തിന് വിദ്യാഭ്യാസം എങ്ങനെ ഇന്ധനമാകുന്നു എന്നതായിരുന്നു വിഷയം.