പാക് നഗരങ്ങള്‍ ആക്രമിക്കാന്‍ 300 ഭീകരര്‍

ഇസ്‌ലാമാബാദ്| WEBDUNIA| Last Modified തിങ്കള്‍, 27 ഏപ്രില്‍ 2009 (08:49 IST)
പാകിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ ആക്രമണം നടത്താന്‍ താലിബാന്‍ കമാന്‍ഡര്‍ ബെയ്തുള്ള മെഹ്സൂദ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി 300 ഭീകരരെ അയച്ചതായും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌ലാമാബാദ്, റാവല്‍‌പിണ്ടി, ലാഹോര്‍ അടക്കമുള്ള നഗരങ്ങളില്‍ ആക്രമണം നടത്താനാണ് പദ്ധതി.

അഞ്ച് താലിബാന്‍ കമാന്‍ഡര്‍മാരാണ് ഇവരെ നയിക്കുന്നത്. ദൌത്യത്തിനായി ഇവര്‍ വസിറിസ്ഥാന്‍ വിട്ടതായും ഇവരെ തിരിച്ചറിഞ്ഞതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. ഷിക്കാരി, ഇനായത്തുള്ള, വാലിദ്, മുജാഹിദ് എന്നിവരാണ് ഇവര്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചിരിക്കുന്നത്.

ചാവേര്‍ ആക്രമണം നടത്താനടക്കം തീവ്രവാദികള്‍ പദ്ധതിയിട്ടതായാണ് റിപ്പോര്‍ട്ട്. കമാന്‍ഡര്‍മാര്‍ വസീറിസ്ഥാനില്‍ നിന്ന് പുറപ്പെട്ട വാഹനത്തെക്കുറിച്ചും ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഭീഷണിയെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയതായി ആഭ്യന്തര സെക്രട്ടറി കമല്‍ ഷാ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :