പാക് ഉദ്യോഗസ്ഥന്റെ മരണം ആത്മഹത്യയല്ലെന്ന് ബന്ധുക്കള്‍, അന്വേഷണം ആവശ്യപ്പെട്ടു
ഇസ്ലാമാബാദ്|
WEBDUNIA|
PTI
PTI
പാകിസ്ഥാന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷറഫിനെതിരായ അഴിമതിക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. കമ്രാന്‍ ഫൈസല്‍ എന്ന ഉദ്യോഗസ്ഥന്റെ മരണത്തേക്കുറിച്ച് അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ഫൈസലിന്റെ ദേഹത്ത് മര്‍ദ്ദനമേറ്റത് പോലെയുള്ള പാടുകള്‍ ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞു. മരണം ആത്മഹത്യയാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ബന്ധുക്കള്‍ തള്ളിക്കളഞ്ഞു. സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
വെള്ളിയാഴ്ചയാണ് ഫൈസലിനെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാഷണല്‍ അക്കൌണ്ടബിലിറ്റി ബ്യൂറോ(എന്‍എബി) അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു കമ്രാന്‍ ഫൈസല്‍.
പ്രധാനമന്ത്രി ഉള്‍പ്പെടെ 20 പേരെ കേസില്‍ അറസ്റ്റ് ചെയ്യണമെന്ന് എന്‍എബിയ്ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥന്റെ ദുരൂഹമരണം സംഭവിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഫൈസല്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അന്വേഷണത്തിന്റെ നിന്ന് തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു എന്നാണ് വിവരം.