പാക് അപകടകരമായ രാജ്യം ‍:‍ ഓള്‍ബ്രൈറ്റ്

വാഷിംഗ്ടണ്‍| WEBDUNIA|
പാകിസ്ഥാന്‍ ലോകത്തിലെ ഏറ്റവും അപകടകരമാ‍യ രാഷ്ട്രമാണെന്ന് മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മെഡലിന്‍ ഓള്‍ബ്രൈറ്റ് പറഞ്ഞു. പാകിസ്ഥാന്‍റെ കൈയ്യിലുള്ള ആണവായുധങ്ങള്‍ ഭികരരുടെ കൈവശം എത്താനുള്ള സാധ്യതയാണ് ആ രാഷ്ട്രത്തെ അപകടകരമാക്കുന്നതെന്നും ഓള്‍ബ്രൈറ്റ് അഭിപ്രായപ്പെട്ടു.

“ആണവായുദ്ധങ്ങള്‍, തീവ്രവാദം, ദരിദ്ര്യം, അഴിമതി, ദുര്‍ബലമായ ഭരണ സംവിധാനം എന്നിവ പാ‍കിസ്ഥാനെ വളരെ ദുര്‍ഘടമായ ഒരു സ്ഥിതിയിലെത്തിച്ചിരിക്കുന്നു” - ഓള്‍ബ്രൈറ്റ് പറഞ്ഞു. ‘മുസ്ലീം ലോകവുമായുള്ള അമേരിക്കയുടെ ബന്ധം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഒരു പാനലില്‍ സംസാരിക്കുകയായിരുന്നു അവര്‍. കൌണ്‍സില്‍ ഓഫ് ഫോറിന്‍ റിലേഷന്‍സ് ആണ് ചര്‍ച്ച സംഘടിപ്പിച്ചത്.

രാജ്യത്തെ ഭീകരപ്രവര്‍ത്തനം തകര്‍ക്കാന്‍ പാകിസ്ഥാന്‍ കൂടുതല്‍ നടപടികളെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എങ്കിലും ഭീകരവിരുദ്ധയുദ്ധത്തില്‍ അമേരിക്കയുമായി സഹകരിക്കാന്‍ തയ്യാറാവുന്ന പാക് സര്‍ക്കാരിനെ അഭിനന്ദിച്ചു. ക്ലിന്‍റന്‍റെ സര്‍ക്കാരിന്‍റെ കാലത്ത് സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു ആല്‍ബ്രൈറ്റ്. പാകിസ്ഥാനിലേയ്ക്കും അഫ്ഗാനിസ്ഥാനിലേയ്ക്കുമുള്ള പുതിയ പ്രതിനിധിയായി റിച്ചാര്‍ഡ് ഹോള്‍ബ്രൂക്കിനെ നിയമിച്ച പ്രസിഡന്‍റ് ഒബമയുടെ നടപടിയെ അവര്‍ സ്വാഗതം ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :