പാകിസ്ഥാനില്‍ സ്ഫോടനം; 16 പേര്‍ കൊല്ലപ്പെട്ടു

മുള്‍ട്ടാന്‍| WEBDUNIA|
പാകിസ്ഥാനില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ സ്ഫോടനത്തില്‍ ഏഴ് കുട്ടികളടക്കം 16 പേര്‍ കൊല്ലപ്പെടുകയും 120 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മതപഠനകേന്ദ്രമായി ഉപയോഗിക്കുന്ന വീട്ടിലാണ് സ്ഫോടനം നടന്നതെന്ന് പൊലീസ് പറഞ്ഞു. നിരോധിത മതവിഭാഗത്തിന്‍റെ അധ്യാപകനായ റിയാസ് അലി നടത്തുന്ന കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്.

പഞ്ചാബ് പ്രവിശ്യയിലെ മിയാന്‍ ചന്നു ഗ്രാമത്തിലാണ് സ്ഫോടനമുണ്ടായത്. ശക്തിയേറിയ സ്ഫോടനമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. സ്ഫോടനത്തില്‍ മണ്ണുകൊണ്ട് നിര്‍മ്മിച്ച പന്ത്രണ്ടോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയതായി സംശയമുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നതെന്ന് പൊലീസ് അറിയിച്ചു.

വീടിനകത്ത് സൂക്ഷിച്ച സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് മേഖലയിലെ പൊലീസ് മേധാവി കമ്രാന്‍ ഖാന്‍ പറഞ്ഞു. സ്ഫോടനം നടന്ന സ്ഥലത്ത് രക്ഷാ പ്രവര്‍ത്തകര്‍ പരിശോധന നടത്തി. നിരവധി ബോംബുകള്‍, ഗ്രനേഡുകള്‍, റോക്കറ്റുകള്‍, ചാവേര്‍ ബോംബാക്രമണത്തിനുള്ള ജാക്കറ്റുകള്‍ എന്നിവ സ്ഥലത്തുനിന്ന് കണ്ടെടുത്തു. തീവ്രവാദികളുടെ ബോംബ് നിര്‍മ്മാണ കേന്ദ്രമായിരുന്നു മദ്രസയെന്ന് സംശയമുണ്ട്.

തീവ്രവാദ സംഘടനയായ ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്ലാമി ഗ്രൂപ്പിന്‍റെ നിര്‍ദ്ദേശങ്ങളുടെ കാസറ്റുകള്‍, മറ്റ് രേഖകള്‍ എന്നിവയും സ്ഫോടനം നടന്ന വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പരുക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്തെ എല്ലാ ആശുപത്രികളിലും അടിയന്തര സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി സംഭവത്തെ അപലപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :