പാകിസ്ഥാനില്‍ വടക്ക് പടിഞ്ഞാറന്‍ സ്വാത് പ്രദേശത്തെ നാല് സ്കൂളുകള്‍ താലിബാന് തീവ്രവാദികള്‍ ബോബ് വച്ച് തകര്‍ത്തു. പ്രദേശത്തെ അടച്ചുപൂട്ടിയ സ്കൂളുകള്‍ വീണ്ടും തുറക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.
സ്വാത് താഴ്വരയിലെ പ്രധാനപട്ടണമായ മിംഗോറയിലെ സ്കൂളുകളാണ് തിങ്കളാഴ്ച രാവിലെ ഭീകരര്‍ തകര്‍ത്തത്. തകര്‍ക്കപ്പെട്ട സ്കൂളുകളില്‍ രണ്ടെണ്ണം പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള സ്കൂളുകളാണെന്ന് താഴ്വരയിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അറിയിച്ചു. പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നത് പാകിസ്ഥാനിലെ താലിബാന് നേതൃത്വം ഈയിടെ നിരോധിച്ചിരുന്നു. മാത്രമല്ല സര്‍ക്കാര്‍ അധികാരത്തിന്റെ അടയാളമായാണ് പ്രദേശത്തെ സ്കൂളുകളെ ഭീകരര്‍ വിലയിരുത്തുന്നത്.
തണുപ്പുകാലത്തെത്തുടര്‍ന്ന് സ്കൂളുകള്‍ക്ക് അവധിയായിരുന്നതിനാല്‍ സംഭവത്തില്‍ ആരെങ്കിലും കൊല്ലപ്പെടുകയോ ആര്‍ക്കെങ്കിലും പരുക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. പ്രദേശത്ത് ഇതുവരെ 170ല്‍ അധികം സ്കൂളുകള്‍ ഭീകരര്‍ നശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 55000ല്‍ അധികം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇവിടത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്നുണ്ട്.
അടുത്തകാലം വരെ പാകിസ്ഥാനിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായിരുന്നു ഇസ്ലാമാബാദിന് 130 കിലോമീറ്റര്‍ പടിഞ്ഞാറുമാറിയുള്ള സ്വാത് താഴ്വര. എന്നാല്‍ 2007 മുതലാണ് പ്രദേശം പൂര്‍ണ്ണമായും ഭീകരരരുടെ നിയന്ത്രണത്തിലായത്.