പാകില്‍ സൈന്യം വധശിക്ഷ നടത്തുന്നു

ഇസ്ലാമബാദ്| WEBDUNIA| Last Modified വ്യാഴം, 30 സെപ്‌റ്റംബര്‍ 2010 (13:31 IST)
പാകിസ്ഥാന്‍ സൈന്യം തടവുകാരെയും സാധാ‍രണ ജനങ്ങളെയും വിചാരണ കൂടാതെ വധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. യൂണിഫോം ധരിച്ച പാക് സൈനികര്‍ ആറ് പേരെ വധിക്കുന്ന ഒരു ഇന്റര്‍നെറ്റ് വീഡിയോ പുറത്തിറങ്ങിയത് പാകിസ്ഥാനുമായി സൈനികസഹകരണം നടത്തുന്ന യുഎസിന് ഉത്കണ്ഠ നല്‍കുന്നു.

അഞ്ചര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ ആധികാരികത ഉറപ്പാക്കിയിട്ടില്ല എങ്കിലും യുഎസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവം സത്യമാണെന്ന് കരുതുന്നവരാണ്. കൌമാരക്കാര്‍ ഉള്‍പ്പെടെ കണ്ണ് മൂടിക്കെട്ടിയ ആറ് പേരെ സൈനികര്‍ വെടിവച്ച് കൊല്ലുന്നതാണ് വീഡിയോ ദൃശ്യം. കൈകള്‍ പിന്നില്‍ ബന്ധിച്ച നിലയിലാണ് തടവുകാരെ വെടിവച്ചു കൊല്ലുന്നത്.

ഗോത്ര വര്‍ഗ്ഗ മേഖലയായ സ്വാത്തിലാണ് സംഭവം നടന്നതെന്ന് കരുതുന്നു. വീഡിയോയുടെ ആധികാരികത തെളിഞ്ഞാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സെനിക സഹകരണത്തെ പ്രതികൂലമായി ബാധിച്ചേക്കും. മനുഷ്യാവകാശം ലംഘിച്ചു കൊണ്ടുള്ള ശിക്ഷാ നടപടികള്‍ യുഎസ് സൈനിക നിയമത്തിന് എതിരാ‍ണ്.

ബുധനാഴ്ച പാകിസ്ഥാന്‍ സന്ദര്‍ശനം നടത്തുന്ന സിഐ‌എ തലവന്‍ വീഡിയോ വിവാദത്തെ കുറിച്ച് പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അഷ്ഫാഖ് പര്‍വേസ് കയാനിയുമായും ഐ‌എസ്‌ഐ തലവന്‍ ലഫ്.ജനറല്‍ അഹമ്മദ് ഷുജ പാ‍ഷയുമായും ചര്‍ച്ച നടത്തുമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :