നെതര്‍ലാന്‍ഡ്സില്‍ ഇനി രാജഭരണം. രാജ്ഞി ബിയാട്രിസ് സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതോടെയാണ് മകന്‍ വില്യം അലക്സാണ്ടര്‍ രാജസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടത്. 120 വര്‍ഷത്തിനു ശേഷമാണ് ഡച്ചുകാര്‍ക്ക് രാജാവിനെ ലഭിക്കുന്നത്.
നാല്‍പത്തിയാറുകാരനായ തന്റെ മൂത്തമകന്‍ വില്യം അലക്സാണ്ടര്‍ രാജാധികാരമേല്‍ക്കാന്‍ എല്ലാത്തരത്തിലും തയ്യാറായതായി രാജ്ഞി ബിയാട്രിസ് തിങ്കളാഴ്ച രാജ്യത്തോട് നടത്തിയ ടെലിവിഷന്‍ പ്രസ്‌താവനയില്‍ അറിയിച്ചു. സ്ഥാനമൊഴിയുന്ന രാജ്ഞിക്കും സ്ഥാനമേല്‍ക്കുന്ന രാജാവിനും അഭിവാദനമര്‍പ്പിച്ച് സംഗീതവും നൃത്തവുമായി തെരുവുകളെ ആനന്ദലഹരിയില്‍ ആറാടുകയാണ് ഡച്ച് ജനത. തെരുവുകളെല്ലാം രാജകുടുംബത്തിന്റെ പ്രിയനിറമായ ഓറഞ്ച് കൊടികളും മറ്റും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 75 കാരിയായ രാജ്ഞി 33 വര്‍ഷത്തിനു ശേഷമാണ് സ്ഥാനമൊഴിയുന്നത്.
1980 ല്‍ അന്നത്തെ രാജ്ഞി ജൂലിയാനയില്‍ നിന്നാണ് ബിയാട്രിസ് അധികാരമേറ്റത്. ജൂലിയാന രാജ്ഞി 1948 ല്‍ അമ്മ വില്‍ഹെലിമിനാ രാജ്ഞിയില്‍ നിന്നാണ് അധികാരമേറ്റത്. നെതര്‍ലന്‍ഡ്സിലെ ഏറ്റവും ഒടുവിലത്തെ രാജാവ് വില്യം മൂന്നാമന്‍ 1890 ലാണ് മരിച്ചത്.
രാജഭരണമല്ലെങ്കിലും ജനങ്ങള്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ടവരാണ് രാജകുടുംബാംഗങ്ങള്‍. അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ 78 ശതമാനം പേരും രാജകുടുംബത്തിന് അനുകൂലമായാണ് പ്രതികരിച്ചത്. മുന്‍വര്‍ഷം ഒരു സര്‍വേയില്‍ ഇത് 74 ശതമാനം ആയിരുന്നു.