യുവാക്കളുടെ ഇടയില്‍ തരംഗമായിരിക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്‌ബുക്കില്‍ വൃദ്ധരും സന്ദര്‍ശനം നടത്താറുണ്ട്. പക്ഷെ ഫേസ്ബുക്കില്‍ അക്കൌണ്ടുള്ള നൂറ്റൊന്ന് കാരിയാണ് ഇപ്പോള്‍ വാര്‍ത്തയില്‍. കാലിഫോര്‍ണിയായിലെ 101കാരിയായ ഫ്ലോറെന്‍സ് ഡെല്‍റ്ററാണ് ഫേസ്ബുക്കിലെ ഏറ്റവും പ്രായംകൂടിയ ആള്‍.
ഫേസ്ബുക്കില്‍ കയറി വെറുതെ ലൈക്ക് ചെയ്യുന്ന ആളാണ് ഈ മുത്തശ്ശിയെന്ന് കരുതരുത്. ഫേസ്ബുക്കിന്റെ ആസ്ഥാനത്ത് ചെന്ന് സുക്കന്‍ബര്‍ഗിനെവരെ കണ്ട് പരിചയപ്പെട്ടയാളാണ് ഈ നൂറ്റൊന്നുകാരി മുത്തശ്ശി. ഫേസ്ബുക്കില്‍ സമയം ചെലവിടുന്നതിനിടെ ഇതിന്റെ ഉടമകളെ ഒന്ന് കണ്ടുകളയാമെന്ന് ഒരു തോന്നല്‍ തോന്നിയാണ് മുത്തശ്ശി ഫേസ്ബുക്ക് ആസ്ഥാനത്ത് ചെന്നത്.
സുക്കന്‍ബെര്‍ഗിനെയും സാന്റ് ബെര്‍ഗിനെയും പരിചയപ്പെട്ട മുത്തശ്ശി ഇവരോടൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസും ചെയ്തു. ഒരു അടിക്കുറിപ്പോടെ സാന്റ് ബെര്‍ഗ് മുത്തശ്ശിക്ക് ഫോട്ടോ അയച്ചു നല്‍കുകയും ചെയ്തു. അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു. “ഫേസ്ബുക്കിന്റെ ഏറ്റവും പ്രായം ചെന്ന ഉപഭോക്താവ് ഫ്ലോറെന്‍സിന് ആസ്ഥാനമന്ദിരം സന്ദര്‍ശിച്ചതിന് നന്ദി”. ഇതോടെയാണ് മുത്തശ്ശി ഫേസ്‌ബുക്കില്‍ ഫെയ്മസ് ആയത്.
കാലിഫോര്‍ണിയായിലെ മെന്‍ലൊ പാര്‍ക്കില്‍ താമസിക്കുന്ന ഫ്ലോറെന്‍സ് തന്റെ പ്രധാന താളില്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. 1932ല്‍ ലോസ് എയിഞ്ചല്‍സ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട് ഈ മുതുമുത്തശ്ശി.