ഇസ്ലാമിക ആചാരങ്ങളെയും പ്രവാചകനെയും അധിക്ഷേപിക്കല്‍ വീണ്ടും. പ്രവാചകന്‍ മുഹമ്മദ് നബിയെ കളിയാക്കി അവതരിപ്പിച്ച ടെലിവിഷന്‍ പരിപാടിക്കെതിരെ ഇസ്ലാമിക സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. 'സൗത്ത് പാര്‍ക്ക്' എന്ന പരിപാടിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ഇസ്‌ലാമിക സംഘടനയുടെ വധഭീഷണിയും അറിയിച്ചിട്ടുണ്ട്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേബിള്‍ ചാനലാണ് പരിപാടി പ്രക്ഷേപണം ചെയ്യുന്നത്.
മാറ്റ് സ്റ്റോണിനും ട്രേ പാര്‍ക്കര്‍ക്കും ചേര്‍ന്നാണ് മതങ്ങളെ ആക്ഷേപിക്കുന്ന ടെലിവിഷന്‍ ആനിമേഷന്‍ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. സിനിമാ സംവിധായകന്‍ തിയോവാന്‍ഗോഗിനെ വധിച്ച പോലെ പരിപാടി അവതാരകരെ വധിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇസ്‌ലാമിനെ കളിയാക്കി ചിത്രമെടുത്ത ഡച്ച് സംവിധായകനായ തിയോ വാന്‍ഗോഫിനെ 2004-ല്‍ തീവ്രവാദികള്‍ വെടിവെച്ചു കൊല്ലുകയായിരുന്നു.
അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'റെവല്യൂഷന്‍ മുസ്‌ലിം' സംഘടന ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ഭീഷണി അറിയിച്ചിരിക്കുന്നത്. പരിപാടിയുടെ പിന്നണിപ്രവര്‍ത്തകര്‍ എവിടെയാണെന്ന് തങ്ങള്‍ക്ക് അറിയാമെന്നും എവിടെയാണെങ്കിലും തിരഞ്ഞുപിടിച്ചു കണ്ടെത്തുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്.
അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘കോമഡി സെന്‍ട്രല്‍’ എന്ന ചാനല്‍ വഴിയാണ് മതങ്ങളെ അവഹേളിക്കുന്ന ആനിമേഷന്‍ പരിപാടി സംപ്രേഷണം ചെയ്യുന്നത്. നേരത്തെ ക്രിസ്ത്യാനികളെയും ബുദ്ധിസത്തെയും അധിക്ഷേപിച്ച് പരിപാടികള്‍ പ്രക്ഷേപണം ചെയ്തിരുന്നു. പരിപാടിയുടെ ഇരുന്നൂറാം എപിസോഡിലാണ് പ്രവാചകന്‍ മുഹമ്മദ് നബിയെ കരടിയുടെ വേഷത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.