ദരിദ്രരെയും ദുര്‍ബലരെയും സംരക്ഷിക്കണം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി| WEBDUNIA|
PRO
കര്‍ദിനാള്‍ ജോര്‍ജ്‌ മരിയോ ബെര്‍ഗോളിയോയുടെ ഫ്രാന്‍സിസ് മാര്‍പാപ്പയായുള്ള സ്ഥാനാരോഹണച്ചടങ്ങ് വത്തിക്കാനില്‍ നടന്നു. ലോകമെമ്പാടുമുള്ള ടി വി ചാനലുകള്‍ ചടങ്ങ് തത്സമയം സം‌പ്രേക്ഷണം ചെയ്തു. സെന്‍റ് പീറ്റേഴ്സ്‌ ചത്വരത്തില്‍ പ്രത്യേകം തയാറാക്കിയ ബലിവേദിയില്‍ വിശുദ്ധ കുര്‍ബാന നടന്നു. ദിവ്യബലിക്ക് മാര്‍പാപ്പയാണ് പ്രധാന കാര്‍മ്മികത്വം വഹിച്ചത്.

മാര്‍പാ‍പ്പ അധികാര വസ്ത്രവും സ്ഥാന ചിഹ്‌നങ്ങളും സ്വീകരിച്ചു. പതിവിന് വിപരീതമായി വെള്ളിയില്‍ തീര്‍ത്ത മോതിരമാണ് മാര്‍പാപ്പ കൈയിലണിഞ്ഞത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ വിശ്വാസികളെ അഭിവാദ്യം ചെയ്ത മാര്‍പാപ്പ, പരിസ്ഥിതിയെ ബഹുമാനിക്കുകയും കുട്ടികളെ കരുതുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകതയെ ഓര്‍മ്മിപ്പിച്ചു.

വിശക്കുന്നവര്‍ക്കും ദാഹിക്കുന്നവര്‍ക്കും അഗതികള്‍ക്കും സംരക്ഷണം നല്‍കണം. ദരിദ്രരെയും ദുര്‍ബലരെയും സംരക്ഷിക്കണം. നന്‍‌മയും ആര്‍ദ്രതയും സംരക്ഷിക്കാന്‍ ഭയക്കരുത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ ജീവന്‍റെ സംരക്ഷകരാകണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു.

മാര്‍പാപ്പയുടെ താല്ക്കാലിക വസതിയില്‍ നിന്നും തുറന്ന വാഹനത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങിന് എത്തിയത്. ബുള്ളറ്റ് പ്രൂഫ് വാഹനം ഉപേക്ഷിച്ച് മാര്‍പാപ്പ തുറന്ന ജീപ്പില്‍ സഞ്ചരിച്ചത് ശ്രദ്ധേയമായി.

രാജ്യസഭാ ഉപാധ്യക്ഷനായ പി ജെ കുര്യന്‍, ജോസ്‌ കെ മാണി എം പി, ആന്‍റോ ആന്‍റണി എം പി തുടങ്ങിയവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ റോമില്‍ ചടങ്ങ് വീക്ഷിക്കാന്‍ എത്തിയിയിരുന്നു. സ്ഥാനാരോഹണ ചടങ്ങില്‍ ജോര്‍ജ്‌ ആലഞ്ചേരി, ബസേലിയോസ്‌ മാര്‍ ക്ലിമീസ്‌ ബാവ എന്നിവര്‍ ഉള്‍പ്പടെ ഇന്ത്യയിലെ സഭയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍മാര്‍ പങ്കെടുത്തു. ഇരുപത് ലക്ഷത്തോളം വിശ്വാസികളാണ് ചടങ്ങ് വീക്ഷിക്കുന്നതിനായി വത്തിക്കാനില്‍ എത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :