തീവ്രവാദത്തെ പരാജയപ്പെടുത്തും: ഖുറേഷി

വാഷിംഗ്ടണ്‍| WEBDUNIA|
തീവ്രാദത്തിനെതിരെ പോരാടാന്‍ മാത്രമല്ല, അത് പരാജയപ്പെടുത്താന്‍ കൂടി പാകിസ്ഥാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്‍റനോടൊപ്പം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തെ അതിന്‍റെ എല്ലാ രൂപത്തിലും ഭാവത്തിലും പരാജയപ്പെടുത്താന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഖുറേഷി പറഞ്ഞു.

തീവ്രവാദം തുടച്ചു നീക്കുന്നത് സംബന്ധിച്ച് ഖുറേഷിയും ഹിലാരിയും തമ്മില്‍ ചര്‍ച്ച നടത്തി. ഭീകരവാദത്തിനെതിരെ അമേരിക്കയോടൊപ്പം പോരാടാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. അമേരിക്കയിലെ പുതിയ ഭരണകൂടത്തില്‍ വളരെ പ്രതീക്ഷയുണ്ട്. സ്വാതിലെ കരാര്‍ ഒരു പ്രാദേശിക പ്രശ്നം അവസാനിപ്പിക്കാനുള്ള പ്രാദേശിക മാര്‍ഗം മാത്രമാണ്. രാജ്യത്ത് വ്യാപകമാവുന്ന തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തെ ഇത് ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ സ്വാതില്‍ ഭീകരരുമായി കരാറുണ്ടാക്കിയതിനെ ഖുറേഷി പ്രതിരോധിച്ചിരുന്നു.

തീവ്രവാദികളുമായി ഒരുതരത്തിലുമുള്ള അനുരഞ്ജനത്തിനും തയ്യാറല്ല. എല്ലാ അര്‍ഥത്തിലും തീവ്രവാദം ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്‍ഷ്യം. ഇക്കാര്യത്തില്‍ പാകിസ്ഥാന്‍റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട് - ഖുറേഷി പറഞ്ഞു. അഫ്ഗാന്‍ വിദേശകാര്യ മന്ത്രി റണ്‍ഗീണ്‍ ദഫ്ദറും മാധ്യമ സമ്മേളനത്തില്‍ പങ്കെടുത്തു.

ഹിലാരിയുമായും മറ്റ് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുന്നതിന് അമേരിക്ക ക്ഷണിച്ചതനുസരിച്ചാണ് ഇരുനേതാക്കളും അമേരിക്കയിലെത്തിയത്. പാ‍ക് - അഫ്ഗാന്‍ രാജ്യങ്ങള്‍ക്കുള്ള നയം പുനഃപരിശോധിക്കുന്നതിന്‍റെ ഭാഗമായാണ് ഇരുവരെയും അമേരിക്കയിലേക്ക് ക്ഷണിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :