തീവ്രവാദ പോരാട്ടം: യെമന് യു‌എസ് സഹായം

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ചൊവ്വ, 23 ഫെബ്രുവരി 2010 (10:29 IST)
PRO
തീവ്രവാദത്തിനെതിരായ പോരാട്ടത്തിനായി യെമന് 150 മില്യന്‍ ഡോളര്‍ സഹായം നല്‍കാനുള്ള പദ്ധതിക്ക് അമേരിക്കന്‍ പ്രതിരോധമന്ത്രാലയം അംഗീകാരം നല്‍കി. ആയുധങ്ങള്‍ വാങ്ങുന്നതിനും യെമന്‍ സൈനികര്‍ക്ക് പരിശീ‍ലനം നല്‍കുന്നതിനുമാണ് തുക അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം യെമന് അനുവദിച്ചിരുന്ന സഹായത്തിന്‍റെ ഇരട്ടിയാണ് ഈ തുക. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യു‌എസ് പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് പദ്ധതി അംഗീകരിച്ചത്. കഴിഞ്ഞ വര്‍ഷം അറുപത്തിയേഴ് മില്യന്‍ ഡോളര്‍ ആയിരുന്നു യെമന് നല്‍കിയ സഹായം.

യെമന്‍ കേന്ദ്രമാക്കി അമേരിക്കയ്ക്കെതിരെ അല്‍-കൊയ്ദ ഭീകരാക്രമണ പദ്ധതികള്‍ തയ്യാറാക്കുന്നതായി വ്യക്തമായ പശ്ചാത്തലത്തിലാണ് സഹായം. യെമനിലേക്ക് അമേരിക്കന്‍ സൈനികരെ അയയ്ക്കാന്‍ ആദ്യം നീക്കമുണ്ടായിരുന്നെങ്കിലും തല്‍ക്കാലം അത് വേണ്ടെന്ന് യു‌എസ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് അല്‍ കൊയ്ദയ്ക്കെതിരെയുള്ള പോരാട്ടത്തിനായി സാമ്പത്തിക സഹായം നല്‍കാന്‍ യു‌എസ് തീരുമാനിച്ചത്.

ക്രിസ്മസ് ദിനത്തില്‍ യു‌എസ് യാത്രാവിമാനത്തില്‍ സ്ഫോടനം നടത്താന്‍ ശ്രമിച്ച നൈജീരിയന്‍ യുവാവാണ് യെമന്‍ കേന്ദ്രമാക്കി അല്‍-കൊയ്ദ അമേരിക്കയ്ക്കെതിരെ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നുണ്ടെന്ന് സൂചന നല്‍കിയത്. യെമനിലെ അല്‍-കൊയ്ദയുടെ പരിശീലന കേന്ദ്രത്തില്‍ നിന്ന് യു‌എസിലേക്ക് കടക്കാനായി നിരവധി ചാവേറുകള്‍ തയ്യാറെടുക്കുന്നുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :