തീരാത്ത ഉറക്കം; പോയ വിമാനത്തില്‍ തന്നെ യുവതി തിരിച്ചെത്തി!

ലാഹോര്‍| WEBDUNIA|
PRO
PRO
ഉറക്കഗുളിക കഴിച്ച് വിമാനത്തില്‍ ഉറങ്ങിയതിനെ തുടര്‍ന്ന് യുവതിക്ക് ഇറങ്ങേണ്ട സ്ഥലത്ത് ഇറങ്ങാനായില്ല. അവര്‍ യാത്ര പുറപ്പെട്ട വിമാനത്താവളത്തില്‍ത്തന്നെ തിരിച്ചെത്തുകയും ചെയ്തു. ലാഹോറില്‍ നിന്ന് പാരീസിലേക്ക് പോയ പിഐഎ 7333 വിമാനത്തിലെ യാത്രക്കാരിയായ ഫ്രഞ്ചുകാരി ക്രിസ്റ്റീന അഹമ്മദാണ് പാരീസിലിറങ്ങാതെ തിരിച്ച് വന്നത്. ഉറക്ക ഗുളിക അമിതമായി കഴിച്ചതുമൂലമാണ് യുവതി പാരീസ് എത്തിയിട്ടും ഉറക്കമുണരാതിരുന്നത്.

പാരീസിലെത്തിയിട്ടും രണ്ട് മണിക്കൂര്‍ ഉറങ്ങിയ യുവതി അതെ വിമാനത്തില്‍ തിരികെ പോരുകയായിരുന്നുവെന്ന് പിഐഎ വക്താവ് സുല്‍ത്താന്‍ ഹസ്സന്‍ പറഞ്ഞു. ഉറക്ക ഗുളികയോ മറ്റോ കഴിക്കാതെ വിമാനയാത്രക്കാര്‍ക്ക് ഇത്രയും സമയം ഉറങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാരീസില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന് കുറേനേരം കഴിഞ്ഞപ്പോഴാണ് യുവതി ഉണര്‍ന്നത്. താന്‍ തിരികെ ലാഹോറിലേക്കു തന്നെ പോകുകയാണെന്ന് അവര്‍ മനസ്സിലാക്കി. തുടര്‍ന്ന് യുവതി ബഹളംവച്ചു. തിരികെ പാരീസില്‍ എത്തിക്കണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അസാധ്യമായ കാര്യമാണ്, ശാന്തമായിരിക്കണം എന്ന് ജീവനക്കാര്‍ യുവതിയോട് പറഞ്ഞു.

അങ്ങനെ 12,000 കിലോമീറ്റര്‍ ചുറ്റിസഞ്ചരിച്ച് യുവതി വീണ്ടും ലാഹോറില്‍ തന്നെയെത്തി. യുവതിക്ക് തിരിച്ച് പാരീസിലേക്ക് പോകാനുള്ള യാത്രാസൌകര്യം ലഭ്യമാക്കുമെന്ന് പിഐഎ വക്താവ് സുല്‍ത്താന്‍ ഹസ്സന്‍ പറഞ്ഞു. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തും. ഫ്രാന്‍സിലെ വിമാനത്താവളത്തിലെ അധികൃതരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :