താലിബാന് പാക് സര്‍ക്കാര്‍ പണം നല്‍കി

ഇസ്‌ലാമബാദ്‌| WEBDUNIA|
പാകിസ്ഥാനിലെ സ്വാത് താഴ്‌വരയില്‍ വെടിനിര്‍ത്താനായി താലിബാന്‍ തീവ്രവാദികള്‍ക്ക്‌ പാക്‌ സര്‍ക്കാര്‍ പണം നല്‍കിയതായി റിപ്പോര്‍ട്ട്. അറുപത്‌ ലക്ഷം അമേരിക്കന്‍ ഡോളര്‍ നല്‍കിയാണ് താഴ്വരയില്‍ വെടിനിര്‍ത്തലിന് താലിബാനെക്കൊണ്ട് സമ്മതിപ്പിച്ചതെന്ന് ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു.

പാക്‌ പ്രസിഡന്‍റ് ആസിഫ്‌ അലി സര്‍ദാരിയുടെ പ്രത്യേക ഫണ്ടില്‍ നിന്നാണ്‌ ഈ തുക നല്‍കിയത്‌. പ്രത്യേക ദൂതന്മാര്‍ വഴിയാണ്‌ പണം കൈമാറിയതെന്നും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. താലിബാന്‍ ശക്തികേന്ദ്രമായ സ്വാതില്‍ തീവ്രവാദികള്‍ക്കെതിരെയുള്ള സൈനിക നടപടിയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്കും കൊല്ലപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരവുമാണ്‌ ഇതെന്ന്‌ പാക്‌ അധികൃതര്‍ പറഞ്ഞെന്നും ഏജന്‍സി അറിയിച്ചു.

താഴ്വരയില്‍ ശരി‌അത്ത് നിയമം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് സര്‍ക്കാരും താലിബാനും പത്ത് ദിവസത്തെ വെടിനിര്‍ത്തലില്‍ ഏര്‍പ്പെട്ടത്. താഴ്വരയില്‍ താലിബാനുമായി സ്ഥിരം വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കിയതായി സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ശനിയാഴ്ച വെളിപ്പെടുത്തി. തുടര്‍ന്ന് വെടിനിര്‍ത്തല്‍ കരാര്‍ താലിബാന്‍ അനിശ്ചിത കാലത്തേയ്ക്ക് നീട്ടി. കരാറിന്‍റെ കാലാവധി തിങ്കളാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് കാലാവധി നീട്ടിയത്.

താലിബാനുമായി വെടിനിര്‍ത്തല്‍ കരാറുണ്ടാക്കിയതിന് അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങള്‍ പാകിസ്ഥാനെ വിമര്‍ശിച്ചിരുന്നു. താലിബാന് പണം നല്‍കി എന്ന വാര്‍ത്തയും പുറത്തുവന്നതോടെ പാകിസ്ഥാന് കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :