താലിബാനെ ഇല്ലാതാക്കും: റഹ്‌മാന്‍ മാലിക്

ഇസ്‌ലാമബാദ്| WEBDUNIA| Last Modified ചൊവ്വ, 28 ഏപ്രില്‍ 2009 (18:47 IST)
പാകിസ്ഥാനില്‍ നിന്ന് താലിബാ‍നെ പുറത്താക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തരമന്ത്രി റഹ്‌മാന്‍ മാലിക്. താലിബാന് പാകിസ്ഥാനില്‍ ഇടമില്ല. അവരെ രാജ്യത്തു നിന്ന് പൂര്‍ണമായും പുറത്താക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. തലസ്ഥാനം പിടിക്കാന്‍ താലിബാന്‍ ശ്രമിക്കുകയാണെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു മാലിക്.

താലിബാന്‍റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊണ്ടു തന്നെ പാകിസ്ഥാന് മതിയായി. താലിബാനെതിരെ യുക്തിപൂര്‍വ്വമല്ലാത്ത ഒരു സമീപനവും പാകിസ്ഥാന്‍ സ്വീകരിക്കില്ല. താലിബാനെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതു വരെ സ്വാതില്‍ പാക് സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മാലിക് അറിയിച്ചു.

ബണറില്‍ താലിബാന്‍റെ ഒളിത്താവളങ്ങള്‍ സൈന്യം നശിപ്പിച്ചതായും 70 തീവ്രവാദികളെ വധിച്ചതായും മാലിക് അവകാശപ്പെട്ടു. ബെയ്തുള്ള മെഹ്സൂദും താലിബാനും പാകിസ്ഥാന്‍റെ ശത്രുക്കളാണ്. രാജ്യത്തിന്‍റെ പരമാധികാരം പിടിച്ചെടുക്കാമെന്ന താലിബാന്‍റെ വിശ്വാസം തെറ്റാണ്. ഭരണഘടന ലംഘിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്ലാമിന്‍റെ സുഹൃത്താണെന്നാണ് അവര്‍ സ്വയം വിലയിരുത്തുന്നത്. ഇസ്ലാമിന്‍റെ സുഹൃത്താണെങ്കില്‍ അവര്‍ ചാവേറാക്രമണം നിര്‍ത്തണം. അത്തരം ആക്രമണങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നും മാലിക് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :