തടവില്‍ നിന്ന് രക്ഷപെട്ടു എന്ന് ഇറാന്‍ ശാസ്ത്രജ്ഞന്‍
ടെഹ്‌റാന്‍|
WEBDUNIA|
Last Modified ബുധന്‍, 30 ജൂണ്‍ 2010 (10:08 IST)
യുഎസ് ചാര സംഘടനയായ സിഐഎ തട്ടിക്കൊണ്ടു പോയെന്ന് ഇറാന്‍ ആരോപിക്കുന്ന ആണവ ശാസ്ത്രജ്ഞന്‍ ഷഹ്‌രം അമിറിയുടെ ഏറ്റവും പുതിയ വീഡിയോ പുറത്തിറങ്ങി. താന്‍ യുഎസ് ഏജന്റുമാരുടെ പിടിയില്‍ നിന്ന് രക്ഷപെട്ടു എന്നും ഇപ്പോള്‍ ഒരു ഒളിസങ്കേതത്തിലാണെന്നുമാണ് വീഡിയോ സന്ദേശത്തില്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം സൌദി അറേബ്യയിലേക്ക് തീര്‍ത്ഥാടനത്തിനു പോയ അമിറിയുടെ മൂന്നാമത്തെ വീഡിയോ ടേപ്പ് ഇറാന്‍ ദേശീയ ടെലിവിഷനാണ് ചൊവ്വാഴ്ച പുറത്തുവിട്ടത്.
അമിറിയെ സൌദി അറേബ്യയാണ് സിഐഎയ്ക്ക് കൈമാറിയതെന്ന് ഇറാന്‍ ആരോപിച്ചിരുന്നു. എന്നാല്‍, ശാസ്ത്രജ്ഞനെ കാണാതായതുമായി ബന്ധമില്ല എന്ന് സൌദി വ്യക്തമാക്കിയിട്ടുണ്ട്.
തന്നെ യുഎസിലേക്ക് തട്ടിക്കൊണ്ടു പോയി എന്നും കടുത്ത പീഡനത്തിനു വിധേയനാക്കി എന്നും പരാതിപ്പെടുന്നതായിരുന്നു അമിറിയുടേതായി ആദ്യം പുറത്തിറങ്ങിയ വീഡിയോ. ഇത് ഈ മാസം ആദ്യം ഇറാന്‍ ടെലിവിഷന്‍ പുറത്തുവിട്ടു. ഇതിനു ശേഷം പുറത്തുവന്ന ഒരു ഇന്റര്‍നെറ്റ് വീഡിയോയില്‍ താന്‍ സ്വമനസ്സാലെ യുഎസിലേക്ക് പോയതാണെന്നും അവിടെ പഠനം നടത്തുകയാണെന്നും പറഞ്ഞിരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോയില്‍ ഇന്റര്‍നെറ്റ് വീഡിയോ പച്ചക്കള്ളമാണെന്ന് അമിറി ആരോപിക്കുന്നു. വിര്‍ജിനയിലുള്ള താന്‍ യുഎസ് സുരക്ഷാ ഭടന്‍മാരുടെ പിടിയില്‍ നിന്ന് മിനിറ്റുകള്‍ക്ക് മുമ്പാണ് രക്ഷപെട്ടത് എന്നും സുരക്ഷിതമായ സ്ഥലത്തുവച്ചാണ് ഇപ്പോള്‍ വീഡിയോ റിക്കോര്‍ഡിംഗ് നടത്തുന്നത് എന്നും എന്നാല്‍ ഏതു നിമിഷവും പിടിക്കപ്പെട്ടേക്കാമെന്നും പറയുന്നു.
താന്‍ ഇവിടെ സ്വതന്ത്രനല്ല. തനിക്ക് കുടുംബാംഗങ്ങളുമായി ബന്ധം പുലര്‍ത്താനുള്ള അനുവാദമില്ല. താന്‍ ജന്മനാട്ടിലേക്ക് മടങ്ങി വന്നില്ല എങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം യുഎസ് സര്‍ക്കാരിനായിരിക്കും എന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു.