ഡയാന: ചാനല്‍ 4നെതിരെ കേസ്

ലണ്ടന്‍| WEBDUNIA|
ഡയാന രാജകുമാരി കാറപകടത്തില്‍ പരിക്കേറ്റ് കിടക്കുന്ന ഫോട്ടോകള്‍ സം‌പ്രേക്ഷണം ചെയ്ത ചാനല്‍ 4നെതിരെ കേസ്. തങ്ങളുടെ ഫോട്ടോകള്‍ അനുമതിയില്ലാതെ ചാനല്‍ സം‌പ്രേക്ഷണം ചെയ്യുകയായിരുന്നുവെന്ന് ആരോപിച്ച് ഫോട്ടോഗ്രാഫര്‍മാരാണ് കേസ് നല്‍കിയിരിക്കുന്നത്.

നേരത്തേ ഈ ഫോട്ടോകള്‍ സം‌പ്രേക്ഷണം ചെയ്യരുതെന്ന് ഡയാനയുടെ മക്കളായ വില്യമും ഹാരിയും അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും ചാനല്‍ അധികൃതര്‍ ചെവി കൊണ്ടില്ല.ഫാബ്രിസ് ചസെരി, ഡേവിഡ് കെര്‍ എന്നീ ഫോട്ടോഗ്രാഫര്‍മാര്‍ ഡയാനയുടെ മരണ സമയത്തെ ഫോട്ടോകള്‍ സം‌പ്രേക്ഷണം ചെയ്യരുതെന്ന് അവശ്യപ്പെട്ട് അഭിഭാഷകര്‍ മുഖേന ചാനല്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. കത്തിന്‍റെ പകര്‍പ്പ് ഹാരി, വില്യം രാജകുമാരന്മാരുടെ സെക്രട്ടറിയായ ജാമി ലൊതെര്‍ പിങ്കെര്‍ടനും അയച്ചിരുന്നു.

ചാനലിലെ പരിപാടിയുടെ നിര്‍മ്മാതാവ് ജനിസ് സുതര്‍ലന്‍ഡിനെ ഫെബ്രുവരിയില്‍ താന്‍ കണ്ടിരുന്നതായി ചസെരി പറഞ്ഞു. ഡയാന മരണമടഞ്ഞ കാറപകടത്തിന്‍റെ എട്ട് ഫോട്ടോകള്‍ അവര്‍ തന്നെ കാണിച്ചതായും, അതില്‍ ഒരു ഡോക്ടര്‍ ഡയാനയ്ക്ക് പ്രഥമ ശുശ്രൂഷ നല്‍കുന്നതിന്‍റെ ദൃശ്യവും ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഡയാന പരിക്കേറ്റ് കിടക്കുന്ന ഏഴ് ഫോട്ടോകള്‍ താനും ഡേവിഡ് കെറും കൂടി എടുത്തതായി ചസെരി പറഞ്ഞു. ഫോട്ടോ എടുത്ത ശേഷമാണ് രാജകുമാരിക്ക് സംഭവിച്ച അപകടത്തിന്‍റെ ഗുരുതരാവസ്ഥ മനസിലാക്കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഫോട്ടോകള്‍ സം‌പ്രേക്ഷണം ചെയ്യാന്‍ കനത്ത പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടുവെങ്കിലും താന്‍ വഴങ്ങിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫോട്ടോകള്‍ എങ്ങനെ ചാനലിന് ലഭിച്ചു എന്ന് വ്യക്തമല്ലെന്ന് ചസെരി പറഞ്ഞു. ഫ്രഞ്ച് പൊലീസിന്‍റെ കൈവശമായിരുന്നു ഫോട്ടോകളെന്നാണ് കരുതപ്പെട്ടിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :