ടോക്കിയോയെ പിന്തള്ളി ലുവാന്‍ഡ ഏറ്റവും ചിലവേറിയ നഗരം
ലുവാന്‍ഡ|
WEBDUNIA|
ദാരിദ്ര്യത്തിന്‍റെ മുറവിളികള്‍ എണ്ണ സമ്പന്ന രാജ്യമായ അംഗോളയുടെ പല ഭാഗങ്ങളില്‍ നിന്ന് ഉയരുമ്പോള്‍ത്തന്നെയാണ് തലസ്ഥാന നഗരമായ ലുവാന്‍ഡയെ തേടി മറ്റൊരു ബഹുമതിയെത്തിയത് - ലോകത്തിലെ ഏറ്റവും ചിലവേറിയ നഗരം. ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയെ പിന്തള്ളിയാണ് ജീവിത ചിലവുകളുടെ കാര്യത്തില്‍ ലുവാന്‍ഡോ ഒന്നാമതെത്തിയത്.
ഏഷ്യയിലേയും ആഫ്രിക്കയിലേയും മൂന്നാം ലോക രാജ്യങ്ങളിലെ മിക്ക നഗരങ്ങളും ചിലവിന്‍റെ കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുന്നതായും അടുത്തിടെ നടന്ന മേര്‍സര്‍ കോസ്റ്റ് ഓഫ് ലിവിംഗ് സര്‍വേയില്‍ കണ്ടെത്താനായി. പതിവായി ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്ന ടോക്കിയോ രണ്ടാം സ്ഥാനത്തേക്ക് മാറി. ദാരിദ്ര്യവും ലഹളയും കൊണ്ട് പൊറുതിമുട്ടിയ ചാദിന്‍റെ തലസ്ഥാനമായ എഞ്ചെമെയ്ന ആണ് മൂന്നാം സ്ഥാനത്ത്.
അഞ്ച് ഭൂഖണ്ഡങ്ങളിലെ 214 നഗരങ്ങളിലാണ് സര്‍വേ നടത്തിയത്. ഏതാണ്ട് ഇരുന്നൂറോളം വസ്തുക്കള്‍ക്ക് ഈ നഗരങ്ങളിലുള്ള വില പരസ്പരം താരതമ്യം ചെയ്താണ് സംഘം പട്ടിക തയ്യാറാക്കുന്നത്. ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡിസി തുടങ്ങിയ പാശ്ചാത്യ നഗരങ്ങളേക്കാള്‍ കൂടുതല്‍ ജീവിത ചിലവ് വികസ്വര നഗരങ്ങളിലാണെന്നാണ് പഠനത്തില്‍ വ്യക്തമായത്.
വികസ്വര നഗരങ്ങളില്‍ ചിലവ് കുറവായിരിക്കുമെന്ന പൊതു ധാരണ തെറ്റാണെന്ന് തെളിഞ്ഞതായി സര്‍വേ നടത്തിയ സംഘത്തിലെ മുതിര്‍ന്ന അംഗമായ നാഥലി കോണ്‍സ്റ്റന്‍റിന്‍ പറഞ്ഞു. അവശ്യവസ്തുക്കള്‍ക്കും താമസത്തിനും മറ്റും ചില ആഫ്രിക്കന്‍ നഗരങ്ങളില്‍ അസാധാരണ ചിലവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആദ്യ പത്ത് നഗരങ്ങളില്‍ മൂന്നെണ്ണവും ആഫ്രിക്കയിലുള്ളവയാണ്.
ഏഷ്യന്‍ നഗരങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. ഒസാക്ക ആറാം സ്ഥാനത്തും ഹോംഗ്‌കോംഗ് എട്ടാം സ്ഥാനത്തുമാണ്. ഏഴ് ചൈനീസ് നഗരങ്ങളാണ് ഈ വര്‍ഷത്തെ സര്‍വേയില്‍ ഉള്‍പ്പെട്ടത്. പതിനൊന്നാം സ്ഥാനത്തുള്ള ഓസ്‌ലോയും പതിനഞ്ചാം സ്ഥാനത്തുള്ള മിലാനും പതിനേഴാം സ്ഥാനത്തുള്ള ലണ്ടനും പാരിസുമാണ് യൂറോപ്പിലെ ഏറ്റവും ചിലവേറിയ നഗരങ്ങള്‍.
പത്തൊമ്പതാം സ്ഥാനത്തുള്ള ടെല്‍ അവിവ് ആണ് മിഡില്‍ ഈസ്റ്റിലെ ചിലവേറിയ നഗരം. അബുദാബി (50), ദുബായ് (55) എന്നിവയും ചിലവിന്‍റെ കാര്യത്തില്‍ മോശമല്ല. അതേസമയം അബുദാബിയിലേയും ദുബായിലേയും ജീവിത ചിലവുകള്‍ കുറഞ്ഞുവരുന്നതായും സര്‍വേയില്‍ കണ്ടെത്താനായി.
യുഎസ് നഗരങ്ങളായ ന്യൂയോര്‍ക്ക് 27ഉം ലോസ് ആഞ്ചല്‍സ് 55ഉം വാഷിംഗ്ടണ്‍ ഡിസി 111ഉം സ്ഥാനത്താണ്. ഇനി ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ നഗരമായി സര്‍വേയില്‍ കണ്ടെത്തിയതാവട്ടെ പാകിസ്ഥാനിലെ കറാച്ചിയും.