ജീന്‍സ് അലക്കിയില്ല, ഒന്നും രണ്ടുമല്ല 15 മാസം!

ഒട്ടാവ| WEBDUNIA|
PRO
അമ്മ വഴക്കുപറഞ്ഞു, അച്ഛന്‍ ആജ്ഞാപിച്ചു, കാമുകിയാവട്ടെ കരഞ്ഞപേക്ഷിച്ചു. പക്ഷേ ജോഷ് ആരാ മോന്‍. ജീന്‍സ് കഴുകില്ല എന്നുപറഞ്ഞാല്‍ കഴുകില്ല. കഴുകാതെ ഇട്ടുനടന്നത് രണ്ടോ മൂന്നോ ദിവസമല്ല. 15 മാസമാണ്(2009 സെപ്റ്റംബര്‍ 10 മുതല്‍ 2010 ഡിസംബര്‍ 17 വരെ). ഈ കാലയളവില്‍ ജീന്‍സിന്‍റെ അടുത്തുകൂടെപ്പോലും വെള്ളം കൊണ്ടുപോയില്ല.

കാനഡയിലെ ആല്‍ബര്‍ട്ട യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായ ജോഷ്‌ ലെ(20)യുടെ ഒരു പരീക്ഷണമായിരുന്നു ഇത്. ജീന്‍സ് കുറച്ചുദിവസം അലക്കാതെ തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ രോഗാണുക്കള്‍ ഉണ്ടാകുമെന്നും അവ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നുമുള്ള ആരോപണങ്ങളെ വെല്ലുവിളിക്കാനായിരുന്നു ജോഷിന്‍റെ പരീക്ഷണം.

കൃത്യം 15 മാസം തികഞ്ഞപ്പോള്‍ ജീന്‍സുമായി യൂണിവേഴ്‌സിറ്റിയിലെ ടെക്‌സ്റ്റയില്‍സ്‌ പ്രഫസറായ റേച്ചല്‍ മക് ക്വീനെ ജോഷ് കാണാനെത്തി. താന്‍ ഉപയോഗിച്ച ജീന്‍സില്‍ രോഗാണുക്കള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. പ്രൊഫസര്‍ പരിശോധിച്ചപ്പോള്‍ അതില്‍ കോടിക്കണക്കിന് ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ അവയൊന്നും ശരീരത്തെ ദോഷകരമായി ബാധിക്കുന്നതായിരുന്നില്ല.

അവിടം കൊണ്ടും തീര്‍ന്നില്ല ജോഷിന്‍റെ പരീക്ഷണം. ജീന്‍സ് അലക്കിയതിനു ശേഷം വീണ്ടും ഉപയോഗിച്ചു. 13 ദിവസം മാത്രമാണ് ഇത്തവണ ജോഷ് ജീന്‍സ് അലക്കാതെ തുടര്‍ച്ചയായി ഉപയോഗിച്ചത്. അതിനുശേഷം ബാക്ടീരിയകളുണ്ടോ എന്ന് കണ്ടെത്താനായി പ്രൊഫസറെ ഏല്‍പ്പിച്ചു. ഇത്തവണയാണ് പ്രൊഫസര്‍ ഞെട്ടിപ്പോയത്. 15 മാസം അലക്കാതിരുന്നപ്പോഴും 13 ദിവസം അലക്കാതിരുന്നപ്പോഴും ഒരേ അളവിലാണ് ജീന്‍സില്‍ ബാക്ടീരിയകള്‍ രൂപം കൊണ്ടത്. ഇനി പറയൂ, രണ്ടു ദിവസം കൂടുമ്പോള്‍ ജീന്‍സ് അലക്കുന്നവര്‍ മണ്ടന്‍‌മാരല്ലേ?

വാല്‍ക്കഷണം: 15 മാസം തുടര്‍ച്ചയായി ജോഷ് എങ്ങനെ ജീന്‍സ് ഉപയോഗിച്ചു? ദുര്‍ഗന്ധമുണ്ടാകില്ലേ? ഇങ്ങനെയൊരു ചോദ്യം സ്വാഭാവികമായും ഉണ്ടാകാം. അതിനുള്ള മറുപടിയും ജോഷ് തന്നെ നല്‍കുന്നു. ദുര്‍ഗന്ധമുണ്ടായി എന്നതു സത്യമാണ്. അപ്പോള്‍ ഞാന്‍ ജീന്‍സ് എടുത്ത് ഫ്രീസറില്‍ വച്ചു. ദുര്‍ഗന്ധം പോയേ പോച്ച്. എങ്ങനെയുണ്ട്?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :